കണ്ണൂർ: ജില്ലയിൽ വീണ്ടും മങ്കിപോക്‌സ് സ്ഥിരീകരിച്ചു. അബുദാബിയിൽ നിന്ന് എത്തിയ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് രോഗലക്ഷണത്തോടെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ദുബായിൽ നിന്ന് എത്തിയ മറ്റൊരാൾക്കും സമാന രോഗലക്ഷണം കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ രക്ത സാമ്പിൾ പരിശോധനക്ക് അയച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.
രോഗം സ്ഥിരീകരിച്ച ആളുടെ ആരോഗ്യനില പരിശോധിച്ച് വരികയാണെന്ന് ഡോക്ടർമാർ പറഞ്ഞു. അതേസമയം ജില്ലയിൽ വീണ്ടും മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പനി, നടുവേദന, തലവേദന, ക്ഷീണം, പേശി വേദന തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വൈദ്യസഹായം തേടണമെന്നാണ് നിർദേശം.