ടിബിലിസി: ജോർജിയയിൽ 11 ഇന്ത്യക്കാർ ഉൾപ്പെടെ 12 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഗുദൗരിയിലെ ഇന്ത്യൻ ഹോട്ടലിലെ ജീവനക്കാരാണ് മരിച്ചത്. വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് വിവരം.
റിസോർട്ടിന്റെ രണ്ടാം നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ചവരിൽ ഒരാൾ ജോർജിയൻ പൗരനാണെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. മരിച്ചവരുടെ ശരീരത്തിൽ മുറിവുകളോ ചതവുകളോ കണ്ടെത്താനായില്ല. കാർബൺ മോണോക്‌സൈഡ് വാതക ചോർച്ചയുണ്ടായതായാണ് പ്രാഥമിക നിഗമനം. മുറിയിൽ നിന്നും ചെറിയ ജനറേറ്റർ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
അടച്ചിട്ട മുറിയിൽ ജനറേറ്റർ പ്രവർത്തിച്ചപ്പോൾ വിഷവാതകം മുറിയിൽ തങ്ങി നിന്നതാകാനാണ് സാധ്യത. ഫൊറൻസിക് വിദഗ്ധർ ഉൾപ്പെടെയുള്ളവർ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. നടന്നത് ദാരുണ സംഭവമാണ്. മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ അന്വേഷിച്ചു വരികയാണ്. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും പ്രാദേശിക അധികൃതരുമായി ബന്ധപ്പെട്ട് മൃതദേഹങ്ങൾ എത്രയും വേഗം ഇന്ത്യയിലെത്തിക്കാൻ ശ്രമിക്കുമെന്നും ടിബിലിസിയിലെ ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.















