തിരുവനന്തപുരം: തലസ്ഥാനത്തെ ബാറിൽ നടന്ന സംഘർഷത്തിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് ഉൾപ്പെടെ 12 പേർ പിടിയിൽ. കഴക്കൂട്ടത്തെ ഫ്‌ളാറ്റിൽ നിന്നാണ് ഓം പ്രകാശിനെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ഈഞ്ചക്കലിലെ ബാറിൽ ഗുണ്ടകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് അറസ്റ്റ്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഗുണ്ടകളായ ഓം പ്രകാശും എയർപോർട്ട് സാജനും ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ ഹാജരാകാൻ ഓം പ്രകാശിനും കൂട്ടർക്കും നോട്ടീസ് നൽകിയിരുന്നെങ്കിലും ഹാജരായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളും സാജനും ഇയാളുടെ മകനും ഗുണ്ടയുമായ ഡാനിയും ഉൾപ്പെടെ പിടിയിലായത്.
ഡാനി സംഘടിപ്പിച്ച ഡിജെ പാർട്ടിയിലേക്കാണ് ഓം പ്രകാശും സുഹൃത്തുമെത്തിയത്. എയർപോർട്ട് സാജനും ഓം പ്രകാശും എതിർച്ചേരിയിലുള്ളവരായതിനാൽ പാർട്ടിക്കിടെ ഇവർ തമ്മിൽ വഴക്കുണ്ടാവുകയായിരുന്നു. സിറ്റി പൊലീസിന്റെ പ്രത്യേക പരിശോധനകൾ നടന്ന ദിവസമായിരുന്നു ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലുണ്ടായത്.
വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും ഓം പ്രകാശും സുഹൃത്തും സംഭവ സ്ഥലത്ത് നിന്നും മുങ്ങിയിരുന്നു. തുടർന്ന് സിസിടിവികൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരു കൂട്ടരും പിടിയിലായത്. ഡാനി നിരവധി കേസുകളിലെ പ്രതിയാണ്. ഓം പ്രകാശും സാജനും സുഹൃത്തുക്കളായിരുന്നു. എന്നാൽ ചില പ്രശ്‌നങ്ങളെ തുടർന്ന് ഇരുവരും ചേരിതിരിയുകയായിരുന്നു.















