ഇസ്താംബുൾ: കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ തുർക്കിയിൽ വ്യാജമദ്യം കുടിച്ച് 37 പേർ മരിച്ചു. ഇസ്താംബൂളിൽ മായം കലർന്ന മദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 37 ആയി ഉയർന്നതായി ഗവർണറുടെ ഓഫീസ് തിങ്കളാഴ്ച സ്ഥിരീകരിക്കുകയായിരുന്നു.
മദ്യം കഴിച്ചവരിൽ 17 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഡിസംബർ 4 ന് ഇസ്താംബൂളിൽ 17 പേർ മായം കലർന്ന മദ്യം കഴിച്ച് മരിച്ചതായും 22 പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.മെഥനോൾ കലർന്ന മദ്യമാണ് കാരണമെന്ന് കരുതപ്പെടുന്നു.
സർക്കാർ മദ്യത്തിന്മേൽ നികുതി വർദ്ധിപ്പിച്ചതിനാൽ വ്യാജമദ്യ ഉൽപ്പാദനം വർദ്ധിക്കുകയായിരുന്നു. സൂപ്പർമാർക്കറ്റുകളിൽ ലിറ്ററിന് ഏകദേശം 1,300 ലിറ ($37.20) വരെ വിലയുണ്ട്.
ഇതേത്തുടർന്ന് സർക്കാർ വ്യാജമദ്യം നിർമാർജനം ചെയ്യാനുള്ള് കടുത്ത നടപടികളുമായി മുന്നോട്ട് പോയി. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ വ്യാജമദ്യം വിറ്റതിന് 85 പേർ പിടിയിലായി. കൂടാതെ 40,000 ലിറ്റർ വ്യാജമദ്യം നശിപ്പിച്ചതായി തുർക്കി സർക്കാർ അറിയിച്ചു.