വർഷാവസാനമായതോടെ 109 കാറ്റഗറികളിലേക്ക് ഒരുമിച്ച് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗത്തിൽ തീരുമാനം. ജനറൽ റിക്രൂട്ട്‌മെന്റ് (സംസ്ഥാന തലം)- 27, ജനറൽ റിക്രൂട്ട്‌മെന്റ് (ജില്ലാ തലം)-22, എൻസിഎ (സംസ്ഥാന തലം)- 22, എൻസിഎ (ജില്ലാ തലം)-17, സ്പെഷ്യൽ റിക്രൂട്ട്‌മെന്റ് (സംസ്ഥാന തലം)- 2 എന്നിങ്ങനെയാണ് വിജ്ഞാപനം.
സെക്രട്ടേറിയറ്റ്, പി.എസ്.സി ഓഡിറ്റ് വകുപ്പ് എന്നിവിടങ്ങളിൽ അസിസ്റ്റൻ്റ്/ഓഡിറ്റർ, ഹയർ സെക്കൻഡറി ടീച്ചർ (കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്), മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ് വിഷയങ്ങളിൽ ഹൈസ്കൂൾ ടീച്ചർ തുടങ്ങി 109 തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനമായി. ഡിസംബർ 31-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. ജനുവരി 29 വരെ ഉദ്യോഗർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.
തദ്ദേശസ്വയംഭരണ വകുപ്പിൽ അസിസ്റ്റൻ്റ് എഞ്ചിനീയർ, ഡ്രാഫ്റ്റ്സ്മാൻ/ ഓവർസിയർ, മരാമത്ത് വകുപ്പിൽ എഞ്ചിനീയറിംഗ് അസിസ്റ്റൻ്റ്, വനിതാ പൊലീസ് കോൺസ്റ്റബിൾ, ഇന്ത്യ റിസർവ് ബറ്റാലിയനിൽ കോൺസ്റ്റബിൾ, കമ്പനി/ബോർഡ്/ കോർപറേഷനിൽ കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ്, വിവിധ വകുപ്പുകളിൽ എൽഡിവി/ എച്ച്ഡിവി ഡ്രൈവർ, വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റൻ്റ് പ്രൊഫസർ ഇൻ സർജിക്കൽ ഓങ്കോളജി തുടങ്ങിയവയാണ് വിജ്ഞാപനം തയ്യാറാക്കിയ മറ്റ് പ്രധാന തസ്തികകൾ. കൂടുതൽ വിവരങ്ങൾ 2025 ജനുവരി ഒന്നാം ലക്കം പി.എസ്.സി ബുള്ളറ്റിനിൽ.















