കൊച്ചിയിലെ ജീവിതം മടുത്തതോടെ ഭാര്യയേയും കൊണ്ട് കോട്ടയം ജില്ലയിലെ വൈക്കത്ത് താമസം ആരംഭിച്ചിരിക്കുകയാണ് നടൻ ബാല . ഇവരുടെ ഒപ്പം കോകിലയുടെയും, ബാലയുടെയും അമ്മമാരുമുണ്ട് . വൈക്കത്ത് വന്നതും അവിടുത്തെ നാട്ടുകാർക്ക് വേണ്ടിയും ബാല ചില നല്ല പ്രവർത്തികൾ ചെയ്യാൻ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ പ്രദേശത്തെ അങ്കണവാടി പുനഃരുദ്ധാരണം ചെയ്തു നൽകിയിരിക്കുകയാണ് ബാല.
അങ്കണവാടിയുടെ അവസ്ഥ ശോചനീയമായിരുന്നെന്നും അധികൃതർ അധികാരികൾ സമീപിച്ചപ്പോള്‍ പണിത് നല്‍കാം എന്ന് വാക്ക് പറഞ്ഞിരുന്നതായും ബാല പറയുന്നു. കുട്ടികൾക്ക് ആകർഷണീയമാകും വിധം മനോഹരമാക്കി മാറ്റിയിട്ടുണ്ട് അങ്കണവാടി. ഇതിനു പിന്നിൽ ഭാര്യ കോകിലയുടെ സാന്നിധ്യം ഉണ്ടെന്നും ബാല വ്യക്തമാക്കി.
കുഞ്ഞുങ്ങൾ നന്നായി പഠിക്കാൻ തങ്ങളാൽ കഴിയുന്നത് ചെയ്തു നൽകണം എന്നായിരുന്നു കോകില പറഞ്ഞത്. ആ ആഗ്രഹത്തിന്റെ പൂർത്തീകരണം കൂടിയാണിത് എന്നാണ് ബാല പറയുന്നത്. വൈക്കത്തപ്പന്റെ ഭക്തയാണ് ബാലയുടെ ഭാര്യ കോകില. ഉദ്ഘാടനത്തിനെത്തിയ ബാലയെ പൂക്കൾ നൽകിയാണ് കുഞ്ഞുങ്ങൾ സ്വീകരിച്ചത്.















