അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ സഞ്ചരിക്കുന്നതിനിടെ വിമാനത്തിലെ ഇന്ധനം തീർന്നു. ഡൽഹിയിൽ നിന്ന് ന്യൂജേഴ്സിയിലേക്കുള്ള യുണൈറ്റഡ് എയർലൈനിന്റെ യുഎ 83 വിമാനമാണ് അപ്രതീക്ഷിതമായി ബോസ്റ്റൺ വിമാനത്താവളത്തിലേക്ക് തിരിച്ച് വിടേണ്ടി വന്നത്.
സമുദ്രത്തിന് മുകളിലൂടെ സഞ്ചരിക്കുന്ന സമയത്താണ് ഇന്ധനക്കുറവ് പൈലറ്റിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഇതോടെ മറ്റ് പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ ഏറ്റവും അടുത്ത വിമാനത്താവളമായ ബോസ്റ്റണിൽ ഇറക്കുകയായിരുന്നു.
ഏറ്റവും ദൈർഘ്യമുള്ള ആകാശ യാത്രകളിലൊന്നാണ് ഡൽഹിയിൽ നിന്ന് അമേരിക്കയിലേക്ക് ഉള്ളത്. 16 മണിക്കൂറാണ് സാധാരണഗതിയിൽ ഇതിനായി വേണ്ടി വരുന്നത്
രാവിലെ 10 മണിയോടെയാണ് ബോസ്റ്റൺ വിമാനത്താവളത്തിൽ യുണൈറ്റഡ് എയർലൈൻ വിമാനം സുരക്ഷിതമായി ഇറങ്ങിയത്. ഇന്ധനം നിറച്ച ശേഷം 1.12ഓടെ മൂന്ന് മണിക്കൂർ വൈകിയാണ് വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം നെവാർക്കിൽ പ്രാദേശിക സമയം 2.11ഓടെയാണ് സുരക്ഷിതമായി ഇറങ്ങിയത്