തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നമ്മൾ കഴിക്കുന്ന ആഹാരം നിർണായക പങ്കുവഹിക്കുന്നുണ്ട്. ഓർമ്മശക്തി, ശ്രദ്ധ എന്നിങ്ങനെയുള്ള ബുദ്ധിപരമായ കഴിവുകൾ മെച്ചപ്പെടുത്തുന്നതിന് ചില അവശ്യപോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം
- വാൾനട്ട്
ഒമേഗ 3, ഫാറ്റി ആസിഡുകൾ, ആന്റി ഓക്സിഡന്റുകൾ, വിറ്റാമിൻ ഇ എന്നിവയുടെ ശക്തികേന്ദ്രമാണ് വാൾനട്ട്. സമ്മർദ്ദവും വീക്കവും കുറയ്‌ക്കാനും ഓർമ്മശക്തി വർദ്ധിപ്പിക്കാനും സഹായിക്കുന്ന പോഷക ഘടകങ്ങൾ ആണിവ.
- മഞ്ഞൾ
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർകുമിൻ വളരെ നല്ലൊരു ആന്റി ഓക്സിഡന്റും ആന്റി-ഇൻഫ്ളമേറ്ററി സംയുക്തവുമാണ്. ഇവ വിഷാദ രോഗത്തിന്റെ ലക്ഷണങ്ങൾ ഇല്ലാതാക്കുന്നു. ന്യൂറോജെനസിസ് വഴി പുതിയ മസ്തിഷ്ക കോശങ്ങളുടെ വളർച്ചയെ ഇത് പ്രോത്സാഹിപ്പിക്കും.
- ഓറഞ്ച്
ഓറഞ്ചിൽ വിറ്റാമിൻ സി ധാരാളമടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകളിൽ നിന്നും തലച്ചോറിനെ സംരക്ഷിക്കുന്ന ഒരു ആന്റി ഓക്സിഡന്റാണ്. മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ഓർമ്മ ശക്തി വർധിപ്പിക്കുകയും ചെയ്യുന്ന ന്യൂറോ ട്രാൻസ്മിറ്ററുകളുടെ നിർമ്മാണത്തിലും വിറ്റാമിൻ സി പ്രധാന പങ്കുവഹിക്കുന്നു.
- ബ്രോക്കോളി
വൈറ്റമിൻ കെ യുടെ സമ്പന്നമായ ഉറവിടമാണ് ബ്രോക്കോളി. ഇത് ബുദ്ധിശക്തിയെ മെച്ചപ്പെടുത്തുകയും ഒപ്പം തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ഫ്രീ റാഡിക്കലുകളിൽ നിന്നുണ്ടാകുന്ന പ്രശ്ങ്ങളിൽ നിന്നും തലച്ചോറിനെ സംരക്ഷിക്കുന്ന ആന്റി ഓക്സിഡന്റുകളും ആന്റി-ഇൻഫ്ളമേറ്ററി സംയുക്തങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.
- ഡാർക്ക് ചോക്ലേറ്റ്
ഡാർക്ക് ചോക്ലേറ്റിൽ ഫ്ളേവനോയിഡുകൾ, കഫീൻ, ആന്റി ഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഫ്ളേവനോയിഡുകൾ തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തെ ഉത്തേജിപ്പിക്കുന്നു. ഓർമശക്തി, ശ്രദ്ധ, പഠനം എന്നിവയ്‌ക്ക് ഇത് സഹായിക്കുന്നു. ഇതിൽ മിതമായ അളവിൽ അടങ്ങിയിരിക്കുന്ന കഫീൻ ശരീരത്തിനാവശ്യമായ ഊർജ്ജവും പ്രദാനം ചെയ്യുന്നു.
- കൊഴുപ്പുള്ള മത്സ്യങ്ങൾ
സാൽമൺ പോലെ കൊഴുപ്പുള്ള മത്സ്യങ്ങൾ ഒമേഗാ 3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പ് മസ്തിഷ കോശങ്ങളുടെ സ്തരങ്ങൾ നിർമിക്കുന്നതിനും ന്യൂറോണുകൾ തമ്മിലുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനും അത്യാവശ്യമാണ്.
- മുട്ട
മുട്ടകളിൽ ധാരാളമായി അടങ്ങിയിരിക്കുന്ന കോളിൻ തലച്ചോറിന്റെ ആരോഗ്യത്തിൽ നിർണായക പങ്കുവഹിക്കുന്നു. ഇവ ഉത്പാദിപ്പിക്കുന്ന അസറ്റൈൽകോളിൻ ബുദ്ധിശക്തിയെയും മനസികാവസ്ഥയെയും നിയന്ത്രിക്കുന്ന ന്യൂറോട്രാൻസ്മിറ്ററാണ്. വിറ്റാമിൻ B6, B12, ഫോളേറ്റ് എന്നീ പോഷകങ്ങളും മുട്ടയിലുണ്ട്.