ന്യൂഡൽഹി: ഭരണഘടനാ ചർച്ചയിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 55 വർഷത്തിനിടെ 77 ഭേദഗതികളാണ് കോൺഗ്രസ് ഭരണഘടനയിൽ വരുത്തിയതെന്ന് അമിത് ഷാ തുറന്നടിച്ചു. 16 വർഷത്തിനിടെ 22 ഭേദഗതികൾ മാത്രമാണ് ബിജെപി പ്രാബല്യത്തിൽ വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയിലെ ഭരണഘടനാ ചർച്ചയിൽ കോൺഗ്രസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഏത് പാർട്ടിയാണ് ഭരണഘടനയെ മാനിക്കുന്നതെന്നും ഏത് പാർട്ടിയാണ് ഭരണഘടനയെ പരിഹസിക്കുന്നതെന്നും ഈ പാർലമെന്റ് സമ്മേളനം അവസാനിക്കുന്നതോടെ ജനങ്ങൾക്ക് മനസിലാകും. ഭരണഘടനയെ ‘സ്വകാര്യ വക’യായാണ് കോൺഗ്രസ് കണക്കാക്കുന്നത്. പൗരന്മാരെ ശാക്തീകരിക്കുന്നതിലും ഭരണം മെച്ചപ്പെടുത്തുന്നതിലുമാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാൽ രാഷ്‌ട്രീയ നേട്ടങ്ങൾക്കായി 55 വർഷത്തിനിടെ 77 ഭേദഗതികളാണ് കോൺഗ്രസ് വരുത്തിയതെന്നും അമിത് ഷാ പറഞ്ഞു.
ജനങ്ങളുടെ അധികാരം ഇല്ലാതാക്കാനും, അന്വേഷണം നേരിടാതിരിക്കാനുമായി കോൺഗ്രസ് നാല് തവണ ഭരണഘടനയിൽ ഭേദഗതി വരുത്തി. എന്നാൽ രാജ്യത്തിന്റെ സമഗ്രമായ ഭാവി മുന്നിൽ കണ്ടാണ് ബിജെപി ഭരണഘടനയിൽ മാറ്റങ്ങൾ കൊണ്ടുവന്നത്. ലോകത്തെ ഏറ്റവും മികച്ചതും സമഗ്രവുമായ ഭരണഘടനയാണ് ഇന്ത്യയുടേത്. ഭരണഘടനയിൽ ഭേദഗതി വരുത്തി വനിതാ സംവരണം കൊണ്ടുവന്നതും, മുത്തലാഖ് നിർത്തലാക്കിയതും ബിജെപിയാണ്. ഇന്ത്യ ഇന്ന് സാമ്പത്ത്‌വ്യവസ്ഥയിൽ 5-ാം സ്ഥാനത്തെത്തി നിൽക്കുന്നു. രാജ്യത്തിന്റെ നല്ല ഭാവി മാത്രം ലക്ഷ്യം വച്ചാണ് ബിജെപി ഭേദഗതികൾ വരുത്തിയത്.
ബിജെപി ഭരണത്തിന്റെ കീഴിൽ വരുത്തിയ പ്രധാന ഭേദഗതികൾ അദ്ദേഹം ചൂണ്ടിക്കാട്ടി
101-ാം ഭേദഗതി (2018): 2014ൽ കൊണ്ടുവന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) ഒരു ഏകീകൃത നികുതി സമ്പ്രദായം സ്ഥാപിച്ചുകൊണ്ട് ഇന്ത്യയുടെ നികുതി ഘടനയിൽ വിപ്ലവം സൃഷ്ടിച്ചു.
102-ാം ഭേദഗതി (2018): പിന്നാക്ക സമുദായങ്ങൾക്ക് മെച്ചപ്പെട്ട പ്രാതിനിധ്യവും അവകാശങ്ങളും ഉറപ്പാക്കിക്കൊണ്ട്, പിന്നാക്ക വിഭാഗങ്ങൾക്കായുള്ള ദേശീയ കമ്മീഷനു (NCBC) ഭരണഘടനാ പദവി നൽകി.
103-ാം ഭേദഗതി (2019): സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് വിദ്യാഭ്യാസത്തിലും സർക്കാർ ജോലികളിലും 10% സംവരണം ഏർപ്പെടുത്തി, സാമ്പത്തിക അസമത്വങ്ങൾ പരിഹരിച്ചു.
രാഷ്‌ട്രീയ നേട്ടത്തിനായി കോൺഗ്രസ് എങ്ങനെയാണ് അടിസ്ഥാന ഭരണഘടനാ വ്യവസ്ഥകളിൽ മാറ്റം വരുത്തിയതെന്നും പ്രത്യേക ഭേദഗതികൾ എടുത്തുകാണിച്ചുകൊണ്ട് അമിത് ഷാ വിശദീകരിച്ചു.
1-ാം ഭേദഗതി (ജൂൺ 18, 1951): അന്തരിച്ച ജവഹർലാൽ നെഹ്റു വരുത്തിയ ആദ്യത്തെ ഭേദഗതി, ആർട്ടിക്കിൾ 19(1)(എ) പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ വെട്ടിച്ചുരുക്കി.
24-ാം ഭേദഗതി (നവംബർ 5, 1971): അന്തരിച്ച ഇന്ദിരാഗാന്ധി വരുത്തിയ ഈ ഭേദഗതി പൗരന്മാരുടെ മൗലികാവകാശങ്ങൾ കുറയ്‌ക്കുന്നതിനായി പാർലമെന്റിനെ അധികാരപ്പെടുത്തി.
39-ാം ഭേദഗതി (ഓഗസ്റ്റ് 10, 1975): രാഷ്‌ട്രീയ നേതൃത്വത്തെ സംരക്ഷിക്കുന്നതിനായി അടിയന്തരാവസ്ഥക്കാലത്ത് നടപ്പാക്കിയ പ്രധാനമന്ത്രിയുടെയും രാഷ്‌ട്രപതിയുടെയും തെരഞ്ഞെടുപ്പിനെ ജുഡീഷ്യൽ സൂക്ഷ്മപരിശോധനയിൽ നിന്ന് ഒഴിവാക്കി.