മോസ്‌കോ: റഷ്യൻ ആണവ സംരക്ഷണ സേനയുടെ തലവൻ ഇലക്ട്രിക് സ്‌കൂട്ടറിൽ ഒളിപ്പിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് മരിച്ചു. ലഫ്.ജനറൽ ഇഗോർ കിറിലോവും സഹായിയുമാണ് കൊല്ലപ്പെട്ടത്. മോസ്‌കോയിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം യുക്രെയ്ൻ ഏറ്റെടുത്തതായി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. റഷ്യൻ സൈന്യത്തിന്റെ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിക്ക് നേരെ യുക്രെയ്‌ന്റെ ഭാഗത്ത് നിന്നും അടുത്തിടെ ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്.
മോസ്‌കോയിൽ ഒരു അപ്പാർട്‌മെന്റിന് സമീപത്ത് വച്ചാണ് സ്‌ഫോടനമുണ്ടായത്. യുക്രെയ്‌നെതിരെ റഷ്യ നടത്തുന്ന സൈനിക നീക്കങ്ങളെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പ്രശംസിച്ചതിന് പിന്നാലെയാണ് ആക്രമണം നടന്നത്. യുക്രെയ്‌നെതിരെ റഷ്യ നടത്തുന്ന ആക്രമണം മൂന്നാം വർഷത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്. കിറിലോവിന്റെ മരണം മുതിർന്ന സൈനിക ഉദ്യോഗസ്ഥർക്കുള്ള സുരക്ഷാ വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നയിക്കുമെന്നാണ് വിവരം.
2017ലാണ് കിറിലോവ് ആണവ സംരക്ഷണ സേനയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്. റേഡിയേഷൻ, രാസ, പ്രതിരോധ ട്രൂപ്പുകളുടെ മേധാവി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. യുക്രെയ്‌നെതിരെ നിരോധിത രാസായുധങ്ങൾ ഉപയോഗിച്ചതിന് ഇഗോർ കിറിലോവിനെതിരെ യുക്രെയ്ൻ കോടതി ശിക്ഷ വിധിച്ചിരുന്നു. ക്ലോറോപിക്രിൻ എന്ന വിഷാംശമുള്ള വസ്തു യുദ്ധത്തിൽ എതിരാളികൾക്കെതിരെ ഉപയോഗിച്ചതിന്റെ പേരിൽ ബ്രിട്ടൻ കിറിലോവിന് ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.















