ഏറെ മാനസിക സംഘർഷങ്ങളിലൂടെ കടന്നു പോകുന്നവരാകും മുടി കൊഴിച്ചിൽ അനുഭവിക്കുന്നവർ. മുടി വളരാനായി എന്തും ചെയ്യാൻ വരെ അവർ തയ്യാറാകും. ഇത് മുതലെടുത്ത് ഹെയർ ഗ്രോത്ത് കമ്പനികളും മുളപൊന്തിയിട്ടുണ്ട്. പല വാഗ്ദാനങ്ങൾ നൽകിയാണ് അവർ തങ്ങളുടെ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നത്. അത്തരത്തിലൊണ് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അനീസ് മണ്ടോളയുടെ കമ്പനി.
കഷണ്ടി മാറ്റി തലമുടി വളർത്തി നൽകുമെന്നാണ് കഷണ്ടിയുള്ള മണ്ടോളയുടെ ഉറപ്പ്. നിരവധി പേരാണ് ഇയാളെ തേടിയെത്തുന്നതെന്നാണ് പറയുന്നത്. 20 രൂപയ്‌ക്ക് ഓയിൽ മസാജും 300 രൂപയ്‌ക്ക് ഒരു കുപ്പി ഓയിലുമാണ് നൽകുന്നത്. ഇന്ത്യയിലുടനീളമുള്ളവർ ഈ ഓയിലും മസാജും അന്വേഷിച്ച് ഡൽഹിയിലെത്തുന്നുണ്ടെന്നാണ് അവകാശവാദം.
അടുത്തിടെ ഇയാൾ തന്റെ ഉത്പന്നത്തെ കുറിച്ച് പത്രത്തിൽ പരസ്യം നൽകി. മീററ്റിൽ തങ്ങളുടെ സേവനം ലഭ്യമാകുമെന്നും പരസ്യത്തിലുണ്ടായിരുന്നു. കേട്ടപാതി കേൾക്കാത്ത പാതി നൂറുക്കണക്കിന് പേരാണ് മീററ്റിലെത്തിയത്. ക്യൂ നീണ്ടുനീണ്ട് വൻ ഗതാഗതക്കുരുക്കിന് വരെ കാരണമായി. മുടി വളരുമെന്ന് പ്രതീക്ഷയിൽ ഓടിയെത്തിയവരായിരുന്നു അവരെല്ലാം. തലമുടി വടിച്ചിട്ട് വരെ ഓയിൽ മസാജിനെത്തിയെവരുണ്ട് എന്നതാണ് രസകരം.
അനീസും സുഹൃത്തുക്കളും ഞായർ, തിങ്കൾ ദിവസങ്ങളിൽ ഷൗക്കത്ത് ബാങ്ക്വറ്റ് ഹാളിലാണ് മുടി വളർച്ചയ്‌ക്കുള്ള ചികിത്സകൾ നൽകിയത്. എന്നാൽ സംഭവത്തെ കുറിച്ച് പൊലീസോ ഭരണകൂടമോ യാതൊന്നും അറിഞ്ഞിരുന്നില്ല, സംഘാടകർ പറഞ്ഞതുമില്ല. തിരക്ക് വർദ്ധിച്ചതോടെ ടോക്കൺ അടിസ്ഥാനത്തിലായി ‘ചികിത്സ’.
ചില ദിവസങ്ങളിൽ മാത്രം അസാധാരണമായ ഗതാഗതക്കുരുക്ക് സംശയം ജനിപ്പിച്ചു. ഇതിന് പിന്നാലെയാണ് ഓയിൽ മാസജ് വിവരം പുറത്തുവന്നത്. സംഘം ഓരോരുത്തരിൽ നിന്നും 20 രൂപ വീതം പിരിച്ചെടുത്തെന്നാണ് വിവരം. പരിപാടിക്ക് അനുമതി ലഭിച്ചത് സംബന്ധിച്ച് ചോദിച്ചപ്പോൾ അനീസ് കൈമലർത്തുകയായിരുന്നു. ഡൽഹിയിലാണ് അത്ഭുത എണ്ണയുടെ നിർമാണമെന്നാണ് ഇയാൾ പറയുന്നത്. അനീസിന്റെ എണ്ണ കമ്പനിയെ കുറിച്ചും സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷിക്കാനൊരുങ്ങുകയാണ് പൊലീസ്.















