രാജ്യത്ത് കറൻസി നോട്ടുകളും നാണയങ്ങളും അച്ചടിക്കാനും വിതരണം ചെയ്യാനുമുള്ള അധികാരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്കാണ് (ആർബിഐ). കേന്ദ്ര സർക്കാരിന്റെ മാർഗനിർദ്ദേശപ്രകാരമാണ് ആർബിഐ പ്രവർത്തിക്കുന്നത്. രാജ്യത്ത് നിലവിൽ 50 പൈസ നാണയം മുതൽ 20 രൂപയുടെ നാണയം വരെ വിപണിയിലുണ്ട്. 30, 50 രൂപയുടെ നാണയങ്ങൾ വൈകാതെ തന്നെ പുറത്തിറക്കുമെന്ന റിപ്പോർട്ടുമുണ്ട്. ഇതിനിടയിലാണ് അഞ്ച് രൂപ നാണയങ്ങൾ ആർബിഐ നിർത്തലാക്കുന്നുവെന്ന വാർത്ത സമൂഹമാദ്ധ്യമങ്ങളിൽ കത്തിപടരുന്നത്. എന്നാൽ ഇതിൽ വാസ്തവമുണ്ടോ? അറിയാം…
രാജ്യത്ത് രണ്ട് തരത്തിലുള്ള അഞ്ച് രൂപ നാണയമാണ് പ്രചാരത്തിലുള്ളത്. പിച്ചള കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതാണ് ഒന്നെങ്കിൽ മറ്റൊന്ന് കട്ടിയുള്ള ലോഹം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. കട്ടിയുള്ള നാണയത്തിന്റെ ക്രയവിക്രയം അടുത്തിടെ കുറഞ്ഞിട്ടുണ്ട്. നിലവിൽ റിസർവ് ബാങ്ക് അഞ്ച് രൂപയുടെ കട്ടിയുള്ള ലോഹ നാണയങ്ങൾ പുറത്തിറക്കുന്നില്ല.
കറൻസി ഉത്പാദിപ്പിക്കുന്നതിനുള്ള ചെലവ് അതിന്റെ വിലയേക്കാൾ കൂടുതലാകാൻ പാടില്ലെന്നതാണ് ചട്ടം. മുഖവിലയേക്കാൾ കൂടുതലാണ് ചെലവെങ്കിൽ നാണയമോ നോട്ടുകളോ പിൻവലിക്കാവുന്നതാണ്. നാണയങ്ങളുടെ ദുരുപയോഗം കണക്കിലെടുത്തും ഇത്തരം നടപടികൾ സ്വീകരിക്കാം.
ബംഗ്ലാദേശിലേക്കുള്ള അനധികൃത കള്ളക്കടത്താണ് മറ്റൊരു കാരണം. കട്ടിയുള്ള അഞ്ച് രൂപ നിർമാണത്തിന് ഉപയോഗിക്കുന്ന ലോഹം ഉരുക്കി ബ്ലേഡുകളാക്കി മാറ്റാവുന്നതാണ്. ബംഗ്ലാദേശിൽ ഈ നാണയങ്ങൾ ഉരുക്കി വൻ തോതിൽ റേസർ ബ്ലേഡുകൾ ഉണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു.
ഒരു നാണയം ഉരുക്കിയെടുത്താൽ അഞ്ചോ ആറോ ബ്ലേഡുകൾ വരെ ഉണ്ടാക്കാം. ഓരോന്നിനും രണ്ട് രൂപ വരെ ഈടാക്കാം. അപ്പോൾ 12 രൂപ വരെ വരും. നാണയത്തിലെ ലോഹത്തിന്റെ മൂല്യം പണത്തിന്റെ മൂല്യത്തെ മറികടക്കുന്നു. ഇതും ഉത്പാദനം മരവിപ്പിക്കാൻ കാരണമായി. ഇത് കണ്ടെത്തിയതോടെയാണ് ആർബിഐ പിച്ചളയിൽ നിർമിച്ച, കട്ടി കുറഞ്ഞ അഞ്ച് രൂപ നാണയം പുറത്തിറക്കിയത്. ലോഹത്തിന്റെ അളവ് കുറച്ചതിനാൽ തന്നെ പുതിയ നാണയത്തിൽ നിന്ന് റേസർ ബ്ലേഡുകൾ നിർമിക്കാൻ സാധിക്കില്ല. ഇതിലൂടെ കള്ളക്കടത്തിനും തടയിടാൻ കഴിഞ്ഞുവെന്നതാണ് യാഥാർത്ഥ്യം.