തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിന് 2024 ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം.’പിങ്ഗള കേശിനി’ എന്ന കവിതാ സമാഹാരത്തിനാണ് 2024 ലെ പുരസ്‌കാരം. ആകെ 24 ഭാഷകളിൽ 21 ഭാഷകളിലേക്കുള്ള പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. 8 കവിതാ സമാഹാരങ്ങളാണ് പുരസ്‌കാരത്തിന് അർഹമായത്. ഇതിലൊന്നാണ് ജയകുമാറിന്റെ മലയാള കവിതാ സമാഹാരമായ പിങ്ഗള കേശിനി.
നിരവധി ഗാനങ്ങൾ, കവിതകൾ എന്നിവയുടെ വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ അറിയപ്പെടുന്നയാളാണ് കെ ജയകുമാർ. മലയാളി ഐഎഎസ് ഉദ്യോഗസ്ഥനാണ്. മലയാളത്തിലും ഇംഗ്ലീഷിലുമുൾപ്പെടെ പത്ത് കവിതാ സമാഹാരങ്ങളും നാല്പതിലേറെ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നൂറിലേറെ സിനിമകൾക്ക് ഗാനരചന നിർവഹിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി ഇരുപതോളം ചിത്രപ്രദര്ശനങ്ങൾ നടത്തിയിട്ടുണ്ട്.
തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ സ്ഥാപക വൈസ് ചാൻസലറായിരുന്നു. കുഞ്ഞുണ്ണി മാസ്റ്റർ പുരസ്‌കാരം, പി ഭാസ്കരൻ അവാർഡ്, സുകുമാർ അഴീക്കോട്, കേരളം സംഗീത നാടക അക്കാദമി അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ജയകുമാറിന്റെ കവിതാസമാഹാരം കൂടാതെ 3 നോവലുകൾ, 2 ചെറുകഥാ സമാഹാരങ്ങൾ, 3 ഉപന്യാസങ്ങൾ, 3 സാഹിത്യ വിമർശന പുസ്തകങ്ങൾ, ഒരു നാടകം എന്നിവയ്‌ക്കും പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.















