കണ്ണൂർ: കണ്ണൂരിലെ ഭൂരിഭാഗം റെയിൽവേ സ്‍റ്റേഷനുകളിലും മലബാറുകാരുടെ കൺകണ്ട ദൈവമായ മുത്തപ്പന് പ്രത്യേക സ്ഥാനമുണ്ട്. എന്നാൽ പഴയങ്ങാടി റെയില്‍വേ സ്റ്റേഷന് പക്ഷേ മുത്തപ്പന് ‘തറവാട്’ തന്നെയാണ്. വർഷങ്ങളായി മുടങ്ങാതെ സ്റ്റേഷനിൽ എത്തി ജീവനക്കാരെയും യാത്രക്കാരെയും മുത്തപ്പൻ അനുഗ്രഹിക്കും. മറ്റു റെയിൽവേ സ്‍റ്റേഷനുകളിലൊന്നും എന്നാൽ ഈ പതിവ് ഇല്ല. 1965 -ലാണ് പഴയങ്ങാടി റെയില്‍വേ മുത്തപ്പന്‍ക്ഷേത്രം പണിതത്.
മുത്തപ്പന്റെ കെട്ടിയാടുമ്പോൾ തറവാട്ടിൽ കയറുന്ന ചടങ്ങ് പ്രധാനമാണ്. തറവാട്ടിലേക്ക് മുത്തപ്പൻ ദൈവം എഴുന്നള്ളുമ്പോൾ അരിയിട്ട് സ്വീകരിക്കുകയും തിരിച്ച് എഴുന്നള്ളുമ്പോൾ അരിയിട്ട് യാത്രയാക്കുകയും ചെയ്യും.
ഈ പ്രാധാന്യം കണക്കിലെടുത്താണ് പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ മഠപ്പുരയിൽ കെട്ടിയാടുന്ന മുത്തപ്പനും തിരുവപ്പനും പ്ലാറ്റ്ഫോമിൽ എത്തി യാത്രക്കാരയും ജീവനക്കാരെയും അനുഗ്രഹിക്കാൻ തുടങ്ങിയത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ അടക്കം ചെറുതും വലുതുമായ സ്റ്റേഷനുകളിൽ മുത്തപ്പൻ മഠപ്പുരയുണ്ടെങ്കിലും മറ്റൊരിടത്തും ഇത്തരം ചടങ്ങില്ല.
മുത്തപ്പനും റെയിൽവെയും തമ്മിലുള്ള ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1920 ലാണ് ഇതിന്റെ തുടക്കം. ബേക്കൽ റെയിൽവേ സ്റ്റേഷനിൽ മദിരാശിയിൽ നിന്ന് എത്തിച്ച ലക്ഷക്കണക്കിന് രൂപ വിലവരുന്ന യന്ത്രസാമഗ്രികൾ മോഷണം പോയി. സ്റ്റേഷൻ മാസ്റ്റർ ഇവ തിരികെ ലഭിച്ചാൽ മുത്തപ്പൻ കെട്ടിയാടാമെന്ന് നേർച്ച നേർന്നു. പിറ്റേദിവസം തന്നെ യന്ത്രസാമഗ്രികൾ തിരികെ കിട്ടുകയും ചെയ്തു. പിന്നാലെ റെയിൽവേയുടെ അനുമതിയോടെ മുത്തപ്പൻ കെട്ടിയാടിച്ചു. തനിക്ക് ആരൂഢം നിര്‍മിക്കണമെന്ന് കോലം മുഖേന മുത്തപ്പന്‍ പറഞ്ഞപ്പോള്‍ അതിനും അനുവാദമായി. കണ്ണൂരിലെ പ്രധാന റെയിൽവെ സ്റ്റേഷനുകളോട് ചേർന്ന് മുത്തപ്പൻ ക്ഷേത്രങ്ങളുണ്ട്. അവിടെയെല്ലാം മുത്തപ്പൻ കെട്ടിയാടാറുമുണ്ട്.