ഇന്ന് ബഹുഭൂരിപക്ഷം ആളുകളെയും അലട്ടുന്നൊരു പ്രശ്നമാണ് ഉറക്കമില്ലായ്മ. എത്ര വൈകി കിടന്നാലും ഉറക്കം വരാതെ എഴുന്നേറ്റിരിക്കുന്നത് ചിലർക്ക് പതിവാണ്. ഈ പ്രശനം ഏറ്റവും കൂടുതൽ നേരിടുന്നത് യുവതലമുറയാണ്. ഉറക്കം വരുമ്പോഴായിരിക്കും കിടക്കുന്നത്, എന്നാൽ 1, 2 മണി ആകുമ്പോൾ അറിയാതെ ഉണരുന്നു. നല്ല ഉറക്കം കിട്ടാനും ഇടയ്‌ക്കിടയ്‌ക്ക് ഉണരുന്നത് ഒഴിവാക്കാനും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഉറങ്ങുന്നതിന് മുമ്പ് ചെയ്യാൻ പാടില്ലാത്തവ എന്തൊക്കെയെന്ന് നോക്കാം.
വയറുനിറയെ ആഹാരം കഴിച്ചതിന് ശേഷം കിടക്കരുത്
ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് ആഹാരം കഴിക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറയാറുണ്ട്. ഇത് അറിയാമെങ്കിലും ഈ ശീലം പിന്തുടരുന്നവർ കുറവാണ്. വയറുനിറയെ ആഹാരം കഴിച്ചയുടനെ കിടന്നാൽ ദഹനസംബന്ധപ്രശ്നങ്ങൾ ഉണ്ടാവുകയും ഇത് ഉറക്കത്തെ ബാധിക്കുകയും ചെയ്യുന്നു. ഉറങ്ങുന്നതിന് മുമ്പായി പരമാവധി ലഘുഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. ഓട്സ്, കഞ്ഞി, ചപ്പാത്തി, ഫ്രൂട്ട്സ് തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതായിരിക്കും.
വെള്ളം കുടിക്കുന്നത് ഒഴിവാക്കണം
ഉറങ്ങുന്നതിന് മുമ്പ് അമിതമായി വെള്ളം കുടിക്കുന്നത് ഒഴിവാക്കണം. വയറുനിറയെ വെള്ളം കിടക്കുന്നത്, ഉറങ്ങാൻ അസ്വസ്ഥതയുണ്ടാക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. കൂടാതെ ഇടയ്‌ക്കിടയ്‌ക്ക് മൂത്രശങ്ക ഉണ്ടാകാനും കാരണമാകുന്നു.
മധുരപലഹാരങ്ങൾ ഒഴിവാക്കണം
ഉറങ്ങുന്നതിന് മുമ്പായി മധുര പരഹാരങ്ങൾ കഴിക്കുന്നത് പൂർണമായും ഒഴിവാക്കണം. പഞ്ചസാരയിട്ട ചായ, കാപ്പി എന്നിവയും ഉറങ്ങുന്നതിന് മുമ്പ് കഴിക്കാൻ പാടില്ല.
മൊബൈൽ ഫോൺ ഒഴിവാക്കുക
രാത്രിയിലെ മൊബൈൽ ഫോൺ ഉപയോഗം കാരണം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകാൻ സാധ്യതയുള്ളത്. രാത്രി 11 മണി മുതൽ ആറ് മണി വരെ തലച്ചോറിൽ മെലാറ്റോണിൻ എന്ന ഹോർമോൺ ഉത്പാദിക്കപ്പെടുന്നു. മൊബൈൽ ലൈറ്റിന്റെ സാന്നിധ്യമുണ്ടെങ്കിൽ മെലാറ്റോണിൻ ഉത്പാദനം ഉണ്ടാകില്ലെന്നാണ് പഠനങ്ങൾ പറയുന്നത്.
കഠിനമായ വ്യായാമം ഒഴിവാക്കുക
രാത്രി വ്യായാമം ചെയ്യുന്നവർ ഉറങ്ങുന്നതിന് ഒന്ന്, രണ്ട് മണിക്കൂർ മുമ്പ് തന്നെ വ്യായാമം ചെയ്ത് തീർക്കണം. കഠിനമായി വ്യായാമം ചെയ്യുന്നത് ഉറക്കമില്ലായ്മയ്‌ക്കും ഇടയ്‌ക്കിടയ്‌ക്ക് ഉണരുന്നതിനും കാരണമാകും.