ന്യൂഡൽഹി: ന്യൂഡൽഹി: അംബേദ്ക്കറിനെ അവഹേളിച്ചുവെന്ന ആരോപണത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ. രാജിവെക്കണമെന്ന ആവശ്യത്തോട് താൻ രാജിവെച്ചാലും അത് കോൺഗ്രസിന് ഗുണം ചെയ്യില്ലെന്ന് ആയിരുന്നു അമിത് ഷായുടെ മറുപടി. കോൺഗ്രസ് അടുത്ത 15 വർഷവും പ്രതിപക്ഷത്തു തന്നെ ഇരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അംബേദ്കറിനെ അപമാനിച്ചവരാണ് ഇപ്പോൾ അദ്ദേഹത്തിന്റെ പേരിൽ നാടകം കളിക്കുന്നത്. കോൺഗ്രസ് സർക്കാരുകൾ ഒരിക്കലും അംബേദ്കർ സ്മാരകം നിർമ്മിച്ചിട്ടില്ല. അദ്ദേഹവുമായി ബന്ധപ്പെട്ട നിരവധി കേന്ദ്രങ്ങൾ നിർമ്മിച്ചതും സംരക്ഷിക്കുന്നതും ബിജെപി സർക്കാരാണ്. അംബേദ്‌കറിന്റെ പാരമ്പര്യത്തെ ആദരിക്കാൻ ഭരണഘടനാ ദിനം പ്രഖ്യാപിച്ചതും മോദി സർക്കാരാണ്. ഭരണഘടനാ മൂല്യങ്ങൾ തകർക്കുന്ന ചരിത്രമാണ് കോൺഗ്രസിനുള്ളതെന്നും അമിത്ഷാ പറഞ്ഞു.
കോൺഗ്രസ് അംബേദ്കർ വിരുദ്ധവും സംവരണ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. അംബേദ്കറുടെ നൂറാം വാർഷികം ആഘോഷിക്കാൻ പോലും കോൺഗ്രസിന് താത്പര്യമില്ല. അവർ വീർ സവർക്കറെ പോലും അപമാനിക്കുകയും അടിയന്തരാവസ്ഥ ഏർപ്പെടുത്തി ഭരണഘടനയെ ആക്രമിക്കുകയും ചെയ്തു. അംബേദ്കറെ ജീവിതകാലം മുഴുവൻ അപമാനിച്ച ആളുകൾ ഇപ്പോൾ അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കാൻ ശ്രമിക്കുകയാണെന്ന് അമിത് ഷാ ആരോപിച്ചു.