ഒരു മുട്ടയ്‌ക്ക് ഏകദേശം എത്ര രൂപ വരെ ഈടാക്കാം? നാടൻ മുട്ടയാണെങ്കിൽ 10-12 അല്ലാത്ത മുട്ടയാണെങ്കിൽ 6-8 ഇങ്ങനെയൊക്കെയായിരിക്കും വിലവരുന്നത് അല്ലേ? എന്നാൽ ഒരു മുട്ട വിറ്റുപോയത് 21,000 രൂപയ്‌ക്കാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ആ മുട്ടയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങിളിലെ താരം.
‘ ദ അൺയൂഷ്യൽ എഗ്ഗി’നെ സ്വന്തമാക്കിയിരിക്കുകയാണ് ലാംബോൺ നിവാസിയായ എഡ് പവനേൽ. 21,000 രൂപ കൊടുത്ത് സ്വന്തമാക്കാൻ ഈ മുട്ടയ്‌ക്ക് എന്ത് പ്രത്യേകതയാണുള്ളതെന്നായിരിക്കും നിങ്ങൾ ആലോചിക്കുന്നത്. കൃത്യമായ ഗോളാകൃതിയിലുള്ള മുട്ടയാണിത്.
യുകെയിൽ നടന്ന ചാരിറ്റി ലേലത്തിൽ നിന്നാണ് ഈ മുട്ടയെ പവനേൽ സ്വന്തമാക്കിയത്. അപൂർവങ്ങളിൽ അപൂർവമായി, ബില്യണിൽ ഒന്ന് മാത്രമേ ഇത്തരത്തിൽ ഗോളാകൃതിയിൽ മുട്ടയുണ്ടാവുകയുള്ളൂവെന്നാണ് വിദഗ്ധർ പറയുന്നത്. മുട്ട ലേലത്തിൽ വച്ച് സമാഹരിച്ച പണം ഓക്‌സ്‌ഫോർഡ്‌ഷെയറിലെ യുവന്റാസ് ഫൗണ്ടേഷൻ എന്ന ചാരിറ്റിക്ക് സംഭാവന നൽകിയതായി ചാരിറ്റി പ്രതിനിധി റോസ് റാപ്പ് ബിബിസിയോട് പറഞ്ഞു.
ഇത്രയും പണം ചെലവഴിച്ച് മുട്ട വാങ്ങിയതിൽ ഖേദമുണ്ടോയെന്ന മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് പശ്ചാത്താപമില്ലെന്നായിരുന്നു പവനേലിന്റെ മറുപടി. ഇത് വളരെ രസകരമായ സംഭവമാണെന്നും അദ്ദേഹം ബിബിസിയോട് പറഞ്ഞു.















