ആരോഗ്യ, ചർമസംരക്ഷണ വിഷയങ്ങൾക്കെല്ലാം സമൂഹ മാദ്ധ്യമങ്ങളുടെ സ്വാധീനം വളരെ വലുതാണ്. അടുത്തിടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ താരമായി മാറിയിരിക്കുന്ന പഴമാണ് ആത്തച്ചക്ക. കാൻസറിനെ പ്രതിരോധിക്കുന്ന ഗുണങ്ങൾ ഈ പഴത്തിൽ അടങ്ങിയിട്ടുണ്ടെന്ന പ്രചാരണമാണ് ഇതിനുപിന്നിൽ. ഇതിൽ എന്തെങ്കിലും സത്യമുണ്ടോ?
ലോകമെമ്പാടുമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ധാരാളമായി വളരുന്ന ഫലവൃക്ഷമാണിത്. മുള്ളുകളോടുകൂടിയ ഇരുണ്ട പച്ച പഴത്തിന്റെ ഉള്ളിലെ മാംസള ഭാഗത്തിന് പുളിയോടുകൂടിയ മധുരമാണ്. അധികം പരിചരണമൊന്നും ആവശ്യമില്ലാത്തതിനാൽ കേരളത്തിലെ മിക്കവാറും വീടുകളും പറമ്പുകളിലും ആത്തി ചെടിയുണ്ട്. ആത്തപ്പഴത്തിന് കാൻസറിനെ പ്രതിരോധിക്കാനാകുമെന്ന അവകാശവാദങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനുമുൻപും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സപ്ലിമെൻ്റുകൾ, ജ്യൂസുകൾ, പ്രോട്ടീൻ പൗഡറുകൾ എന്നിങ്ങനെ ഈ പഴമടങ്ങിയ ഉൽപ്പന്നങ്ങളുടെ വിപണിയിലെ കുതിപ്പിന് ഇത് കാരണമായി.
കാൻസറിന് കീമോ തെറാപ്പി ചെയ്യുന്നത് പോലെ ഫലപ്രദമാണ് ആത്തപ്പഴം കഴിക്കുന്നതെന്നാണ് പ്രചാരണം. എന്നാൽ ഇതിന് ആധികാരികമായ ഒരു തെളിവും ഇന്നേവരെ കണ്ടെത്തിയിട്ടില്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. പഴത്തിൽ ഉയർന്ന അളവിൽ ആന്റിഓക്സിഡന്റുകളും ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ടെങ്കിലും ക്യാൻസറിനെ സുഖപ്പെടുത്തുമെന്ന് കാണിക്കുന്ന ഒരു പഠനവുമില്ലെന്ന് ഡോക്ടർമാർ പറയുന്നു.
അതേസമയം കാൻസറിനെ പ്രതിരോധിക്കുന്നതിൽ പങ്കൊന്നുമില്ലെങ്കിലും സമ്പന്നമായ പോഷകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ആത്തപ്പഴം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. ദഹനത്തിനും രക്തസമ്മർദം നിയന്ത്രിക്കാനും ഈ പഴം കഴിക്കുന്നത് നല്ലതാണ്. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമാക്കി നിലനിർത്താനും സഹായിക്കും. എന്നാൽ ഇവയുടെ സപ്ലിമെൻ്റുകളും മറ്റ് ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നത് അത്ര സുരക്ഷിതമല്ലെന്ന് ഡോക്ടർമാർ പറയുന്നു.