തെന്നിന്ത്യൻ താരം കീർത്തി സുരേഷിന്റെ വിവാഹഘോഷങ്ങളുടെ അലയൊലികൾ അവസാനിക്കുന്നില്ല. വിവാഹം നടന്ന് ഒരാഴ്ച പിന്നിട്ടെങ്കിലും ആഘോഷങ്ങളിൽ ചിത്രങ്ങൾ ഓരോന്നായി ഇപ്പോഴും പുറത്തുവരുന്നുണ്ട്. ഇന്ന് കീർത്തി തന്നെ നടൻ വിജയ് വിവാഹത്തിനെത്തി തങ്ങളെ അനുഗ്രഹിക്കുന്ന ചിത്രം പങ്കുവച്ചു.
ഞങ്ങളുടെ ഡ്രീം ഐക്കൺ ഞങ്ങളുടെ സ്വപ്ന വിവാഹത്തിനെത്തി അനുഗ്രഹം ചൊരിഞ്ഞപ്പോൾ എന്ന കാപ്ഷനോടെയാണ് താരം ചിത്രം പങ്കിട്ടത്. ഗോവയിൽ തമിഴ് ബ്രാഹ്മിൺസ് ശൈലിയിൽ നടന്ന വിവാഹത്തിനാണ് വിജയ് എത്തിയത്. താരവും തൃഷയും ഒരുമിച്ചാണ് യാത്ര ചെയ്തതെന്ന തരത്തിലുള്ള ആരോപണങ്ങളും ഇതിനിടെ ഉയർന്നിരുന്നു.
വിജയ്‌ക്കൊപ്പം മുരുഗദോസിന്റെ സർക്കാർ, ഭരതൻ സംവിധാനം ചെയ്ത ഭൈരവ എന്ന ചിത്രങ്ങളിൽ കീർത്തി സുരേഷ് നായികയായി അഭിനയിച്ചിരുന്നു. അന്നുമുതലുള്ള സൗഹൃദമാണ് നടി കാത്തുസൂക്ഷിക്കുന്നത്. സിനിമ മേഖലയിൽ നിന്ന് ക്ഷണം ലഭിച്ച ചുരുക്കം ചില താരങ്ങളിൽ ഒരാളായിരുന്നു വിജയ്. 15 വർഷത്തെ പ്രണയത്തിനൊടുവിലാണ് കീർത്തി ആൻ്റണി തട്ടിലിനെ വിവാഹം ചെയ്തത്.















