ഭാരതത്തിന്റെ പ്രതിരോധ കരുത്ത് വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കാളിയാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് അഥവാ എച്ച്എഎൽ. അടുത്തിടെയായി 12 സുഖോയ്-30 യുദ്ധവിമാനങ്ങൾക്കായി 13,500 രൂപയുടെ കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചിരുന്നു. ഇത് പ്രകാരം 2027 ഏപ്രിൽ മുതൽ യുദ്ധവിമാനങ്ങൾ വിതരണം ചെയ്യുമെന്ന് എച്ച്എഎൽ അറിയിച്ചു.
നാസിക്കിലെ നിർമാണ കേന്ദ്രത്തിലാകും കരാർ പ്രകാരമുള്ള സുഖോയ് വിമാനങ്ങൾ നിർമിക്കുക. 1964-ൽ സ്ഥാപിതമായ നാസിക്കിലെ വിമാന നിർമാണ വിഭാഗത്തിന് മിഗ് വേരിയൻ്റുകളും സുഖോയ്-30 വിമാനങ്ങളും നിർമിക്കാനുള്ള ലൈസൻസുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥരിലൊരാൾ അറിയിച്ചു. ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞെന്നും 62.6 ശതമാനം ഘടകങ്ങളും തദ്ദേശീയമായാണ് നിർമിക്കുന്നത്. ചില വസ്തുക്കൾ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുമെന്നും അറിയിച്ചു.
കോരാപുട്ടിലാണ് എഞ്ചിനുകൾ നിർമിക്കുക. ആദ്യത്തെ സുഖോയ് വിമാനം 2027 ഏപ്രിലിൽ നിർമിച്ച് നൽകും. അവസാനത്തേത് 2029 മാർച്ചിൽ വ്യോമസേനയ്‌ക്ക് കൈമാറും. നിലവിൽ 260 സുഖോയ്-30 വിമാനങ്ങളാണ് ഇന്ത്യൻ വ്യോമസേനയ്‌ക്കുള്ളത്. ഇതിൽ ആദ്യത്തെ 50 എണ്ണം റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തവയാണ്. ബാക്കിയുള്ളവ എച്ച്എഎല്ലിന്റെ നിർമാണ കേന്ദ്രത്തിൽ ഭാരതം തദ്ദേശീയമായി നിർമിച്ചതാണ്.















