ലക്നൗ : പച്ചക്കറികളിൽ തുപ്പിയ കച്ചവടക്കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിൽ, ബുലന്ദ്ഷഹർ ജില്ലയിലെ അനുപ്‌ഷഹർ പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രാദേശിക മാർക്കറ്റിലാണ് സംഭവം. പച്ചക്കറി കച്ചവടക്കാരൻ ഷബീബാണ് അറസ്റ്റിലായത് . പച്ചക്കറികൾ വിൽക്കുന്നതിനു മുൻപ് ഇയാൾ അതിൽ തുപ്പുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു . തുടർന്നായിരുന്നു പൊലീസ് ഇയാളെ പിടികൂടിയത്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
താൻ ഗുട്ഖ കഴിക്കാറുണ്ടെന്നും ഗുഡ്ഖയിലെ വെറ്റിലയുടെ ഭാഗങ്ങളാണ് തുപ്പിയതെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത് . അതേസമയം, സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് എസ്എസ്പി ശ്ലോക് കുമാർ പറഞ്ഞു.
നേരത്തെ, ഡിസംബർ മൂന്നിന് ബാഗ്പത്തിലെ ചൗഹൽദ ഗ്രാമത്തിൽ നിന്നും സമാനമായ വീഡിയോ പുറത്ത് വന്നിരുന്നു . നാൻ ഉണ്ടാക്കുന്നതിനിടെ രണ്ട് യുവാക്കൾ തുടർച്ചയായി അതിൽ തുപ്പുന്നത് ദൃശ്യങ്ങളിൽ കാണാമായിരുന്നു. അതേസമയം ഇത്തരത്തിൽ ഭക്ഷണങ്ങളിൽ തുപ്പുന്നവർക്കും , മായം ചേർക്കുന്നവർക്കുമെതിരെ നടപടി എടുക്കുന്നതിന്റെ ഭാഗമായി കർശന നിയമം കൊണ്ടുവരാനുള്ള നീക്കത്തിലാണ് യുപി സർക്കാർ.















