മുംബൈ: നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടിലിടിച്ചുണ്ടായ അപകടത്തിൽ മലയാളി ദമ്പതികളെ കാണാതായി സംശയം. അപകടത്തിൽ രക്ഷപ്പെട്ട മലയാളിയായ ആറ് വയസുകാരൻ മാതാപിതാക്കളെ കാണാനില്ലെന്ന് അറിയിച്ചതോടെയാണ് മലയാളികളും അപകടത്തിൽപെട്ടിട്ടുണ്ടെന്ന സംശയം ജനിച്ചത്.
കുട്ടി ഉറാനിലെ ജെഎൻപിടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കുട്ടികളുടെ മാതപിതാക്കൾക്കായി അന്വേഷണം ആരംഭിച്ചു. അപകടത്തിൽ പെട്ടവർ ചികിത്സയിൽ കഴിയുന്ന ആശുപത്രികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
ഇന്നലെ വൈകുന്നേരം ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. വിനോദസഞ്ചാര കേന്ദ്രമായ എലിഫൻറ് കേവ് ദ്വീപിലേക്ക് പോയ നീൽകമൽ എന്ന ബോട്ടിലേക്ക് പരീക്ഷണയോട്ടത്തിനിടെ നാവികസേനയുടെ സ്പീഡ് ബോട്ട് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബോട്ട് തലകീഴായി മറിയുകയായിരുന്നു. ബോട്ടിൽ എത്ര പേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. ഇതുവരെ 13 പേരാണ് ബോട്ടപകടത്തിൽ മരിച്ചത്. 101 പേരെ രക്ഷപ്പെടുത്തി. കാണാതയവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.















