മുംബൈ: ബോട്ടപകടത്തിൽ പെട്ട മലയാളി കുടുംബം സുരക്ഷിതർ. മാതാപിതാക്കളെ കാണാനില്ലെന്ന് ആറ് വയസുകാരൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിൽ മാതാപിതാക്കളെ കണ്ടെത്തി. പത്തനംതിട്ട സ്വദേശികളായ മാത്യു ജോർജ്, ഭാര്യ നിഷ എന്നിവർ സുരക്ഷിതരാണ്. പരിക്കേറ്റ ആറ് വയസുകാരൻ ഏബിൾ മാത്യുവിനെ മാതാപിതാക്കൾക്കൊപ്പം വിട്ടു.
ഉറാൻ പൊലീസ് സ്റ്റേഷനിൽ കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊലീസ് തന്നെയാണ് ചിത്രം പുറത്തുവിട്ടത്. അപകടത്തിന് പിന്നാലെ ഏബിളിനെ ഉറാനിലെ ജെപിടി ആശുപത്രിയിലും മാതാപിതാക്കളെ മറ്റൊരു ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ബോധം വന്നതോടെ ഏബിൾ മാതാപിതാക്കളെ കാണാനില്ലെന്ന് അറിയിക്കുകയായിരുന്നു.
വാർത്ത അറിഞ്ഞ ബന്ധുക്കൾ, മാതാപിതാക്കൾക്ക് കുട്ടിയെ വീഡിയോ കോൾ വിളിച്ച് കാണിച്ച് കൊടുക്കുകയായിരുന്നു. തുടർന്ന് പൊലീസുമായി ബന്ധപ്പെട്ടാണ് കുട്ടിയെ വിട്ടുനൽകിയത്. കാന്തിവലിയിൽ താമസിക്കുന്നവരാണിവർ. കുടുംബവേരുകൾ പത്തനംതിട്ടയിലാണ്. വിനോദയാത്ര പോയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.
ഇന്നലെ വൈകുന്നേരം ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. വിനോദസഞ്ചാര കേന്ദ്രമായ എലിഫൻറ് കേവ് ദ്വീപിലേക്ക് പോയ നീൽകമൽ എന്ന ബോട്ടിലേക്ക് പരീക്ഷണയോട്ടത്തിനിടെ നാവികസേനയുടെ സ്പീഡ് ബോട്ട് ഇടിക്കുകയായിരുന്നു. ഇതുവരെ 13 പേരാണ് ബോട്ടപകടത്തിൽ മരിച്ചത്. 101 പേരെ രക്ഷപ്പെടുത്തി.















