മുംബൈ: ഹണിമൂൺ യാത്രയുമായി ബന്ധപ്പെട്ട തർക്കത്തിൽ മരുമകന് നേരെ ഭാര്യാ പിതാവിന്റ ആസിഡ് ആക്രമണം. ഗുരുതരമായി പരിക്കേറ്റ 29 കാരനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മഹാരാഷ്‌ട്രയിലെ കല്യാണിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ഒരു മാസം മുൻപാണ് സാക്കി ഖോട്ടലിന്റെ മകളുമായി ഇബാദിന്റെ വിവാഹം നടന്നത്. ഇരുവരും അടുത്തവീടുകളിലാണ് താമസം. വിവാഹശേഷം ഹണിമൂണിന് കശ്മീരിലേക്ക് പോകാനായിരുന്നു ഇബാദ് പദ്ധതിയിട്ടിരുന്നത്. എന്നാൽ ഹണിമൂണിന് പോകണ്ടെന്നും മക്കയിലേക്കോ മദീനയിലേക്കോ തീർത്ഥാടനം നടത്തിയാൽ മതിയെന്നും ഭാര്യാപിതാവ് നിർബന്ധം പിടിച്ചു.
ഇതുമായി ബന്ധപ്പെട്ട് സാക്കിയും മരുമകൻ ഇബാദും തമ്മിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തർക്കമുണ്ടായിരുന്നു. രാത്രി എട്ട് മണിയോടെ കല്യാണിലെ ലാൽ ചൗക്കി ഭാഗത്ത് നിന്ന് വീട്ടിലേക്ക് പോകുകയായിരുന്നു ഇബാദ്. ഇതിനിടെ റോഡിൽ വെച്ചാണ് ഭാര്യ പിതാവിനെ കണ്ടത്. വാക്കേറ്റത്തിനൊടുവിൽ കയ്യിൽ കരുതിയ ആഡിഡ് സാക്കി മരുമകന്റെ ദേഹത്ത് ഒഴിക്കുകയായിരുന്നു.
ഇബാദ് അപകടാവസ്ഥ തരണം ചെയ്തെന്ന് ബസാർപേത്ത് പൊലീസ് പറഞ്ഞു. പ്രതിക്കായി തെരച്ചിൽ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.















