ഇന്ത്യൻ വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ വിരമിക്കൽ തീരുമാനം അപ്രതീക്ഷിതമായിരുന്നു. ബോർഡർ-ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് സമനിലയിലായതോടെയാണ് തീരുമാനം അശ്വിൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ ഇതിന് ശേഷം വലിയൊരു വിവാദം തന്നെയാണ് ഉയരുന്നത്. പരമ്പരയ്‌ക്കിടെ ഒരു താരത്തിന് സെലക്ടർമാർ വിരമിക്കൽ അവസരം നൽകിയത് മുതിർന്ന താരങ്ങൾക്കുള്ള ശക്തമായ സന്ദേശമെന്നാണ് വ്യക്തമാകുന്നത്. ഇതിനിടെ അശ്വിന്റെ പിതാവ് രവിചന്ദ്രന്റെ വെളിപ്പെടുത്തലും വലിയ വവാദത്തിന് തിരികൊളുത്തി.
അപമാനം സഹിക്കുന്നതിന് ഒരു പരിധിയില്ല, തുടർച്ചയായി അവഗണിക്കുന്നത് അപമാനമായി അവന് തോന്നിയെങ്കിൽ അതിൽ അത്ഭുതമില്ല. വിരമിക്കുന്ന കാര്യം ഇന്നലെയാണ് ഞങ്ങളും അറിഞ്ഞത്. പൊടുന്നനെയായിരുന്നു തീരുമാനം. അത് അവന്റെ തീരുമാനമാണ്. അതിൽ ഞങ്ങൾ ഇടപെടാറില്ല. ഇത്തരത്തിൽ വിരമിച്ചതിന് അശ്വിന് പല കാരണങ്ങളുണ്ടാകാം. അത് അവന് മാത്രമേ അറിയാകൂ.
ഇത് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. തുടർച്ചയായുള്ള ഒഴിവാക്കലുകൾ അവന് സഹിക്കുന്നതിലും അപ്പുറമായിരിക്കാം. കുടുംബത്തിന് ഇതൊരു വൈകാരിക നിമിഷമാണ് കാരണം 14-15 വർഷമായി അവൻ ഇന്ത്യക്ക് വേണ്ടി കളിക്കുന്നു. ഒരു തരത്തിൽ എനിക്ക് സന്തോഷമുണ്ടെങ്കിലും അവന് കുറച്ച് കാലം കൂടി തുടരാമെന്ന് തോന്നിയിട്ടുണ്ട്.—–രവിചന്ദ്രൻ പറഞ്ഞു. ഇന്നലെ വിരമിക്കൽ പ്രഖ്യാപിച്ച അശ്വിൻ ഇന്ന് ചെന്നൈയിൽ എത്തിയിരുന്നു. കുടുംബം ഊഷ്മളമായ വരവേൽപ്പാണ് താരത്തിന് ഒരുക്കിയിരുന്നത്.