ന്യൂഡൽഹി: രാജ്യത്തെ അടിസ്ഥാനസൗകര്യ വികസനത്തിൽ തീരദേശമേഖലകളെ ഉൾപ്പെടെ കോർത്തിണക്കുന്ന ഭാരത് മാല പദ്ധതിയിൽ ഒക്ടോബർ 31 വരെ പൂർത്തിയായത് 18,714 കിലോമീറ്റർ. 26,425 കിലോമീറ്റർ ഹൈവേ നിർമാണത്തിന് അനുമതി നൽകിയതായും ഗഡ്ക്കരി പറഞ്ഞു.
രാജ്യത്തെ കണക്ടിവിറ്റി മെച്ചപ്പെടുത്താനും ലൊജിസ്റ്റിക്‌സ് ചെലവ് കുറയ്‌ക്കാനും ലക്ഷ്യമിട്ട് 2017 ലാണ് 34,800 കിലോമീറ്ററിൽ ഭാരത് മാല പരിയോജന നരേന്ദ്രമോദി സർക്കാർ അവതരിപ്പിച്ചത്. പദ്ധതിയിൽ ഒക്ടോബർ 30 വരെ 4.72 ലക്ഷം കോടി രൂപയാണ് നാഷണൽ ഹൈവേ അതോറിറ്റി മുടക്കിയത്. രാജ്യസഭയിൽ എഴുതി നൽകിയ മറുപടിയിലാണ് നിതിൻ ഗഡ്ക്കരി വിശദമായ കണക്കുകൾ അവതരിപ്പിച്ചത്.
തുറമുഖങ്ങളെയും തീരദേശ മേഖലകളെയും ബന്ധപ്പെടുത്തുന്ന കണക്ടിവിറ്റി റോഡുകളുടെ 18 പ്രൊജക്ടുകളാണുളളത്. 424 കിലോമീറ്ററാണ് ലക്ഷ്യം. ഇതിൽ 189 കിലോമീറ്റർ നിർമാണം പൂർത്തിയായി. ഗുജറാത്ത്, മഹാരാഷ്‌ട്ര, കർണാടക, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ ചെറുതും വലുതുമായ തുറമുഖങ്ങളെയും തീരദേശ മേഖലകളെയും ബന്ധപ്പെടുത്തിയുള്ളതാണ് ഭാരത് മാല പരിയോജന പദ്ധതി.
തുറമുഖങ്ങളെ ബന്ധപ്പെടുത്തുന്നതുകൊണ്ടു തന്നെ ലൊജിസ്റ്റിക് ചെലവ് കുറയ്‌ക്കാനും ഇതിലൂടെ കഴിയും. ചരക്ക് നീക്കം എളുപ്പമാക്കാനും അതിലൂടെ ആ മേഖലയിൽ കൂടുതൽ നിക്ഷേപത്തിനും വഴിയൊരുക്കുകയായിരുന്നു സർക്കാർ ലക്ഷ്യം. പദ്ധതി പുരോഗമിക്കുന്നതോടെ തീരദേശ മേഖലകളിൽ വലിയ വികസനമാണ് കാണുന്നത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 3,856 കിലോമീറ്റർ ദേശീയപാതകളുടെ നിർമാണം പുരോഗമിക്കുകയാണ്. 81,540 കോടി രൂപ ചെലവിൽ 190 പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും നിതിൻ ഗഡ്കരി പറഞ്ഞു. 2024-25 സാമ്പത്തിക വർഷത്തിൽ വടക്കുകിഴക്കൻ മേഖലയിലെ ദേശീയപാത നിർമാണപ്രവൃത്തികൾക്കായി 19,338 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
2028 സെപ്റ്റംബറോടെ നിർമാണം പൂർത്തിയാക്കുമെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടെ വേഗത്തിലാക്കാൻ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായും സംസ്ഥാന സർക്കാരുകളുമായും ഏകോപനം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.