കണ്ണൂർ: ആലക്കോട് കാപ്പിമല വെള്ളച്ചാട്ടത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഉച്ചയ്‌ക്ക് രണ്ട് മണിയോടെ വെള്ളച്ചാട്ടത്തിന് സമീപമെത്തിയ വിനോദസഞ്ചാരികളാണ് മൃതദേഹം കണ്ടത്. വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു. ഇതോടെ ഇവർ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
മരിച്ച യുവാവിനെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും വെള്ളച്ചാട്ടത്തിന് സമീപത്തായി യുവാവ് ചുറ്റിത്തിരിയുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
യുവാവിന്റെ പേരുവിവരങ്ങൾ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. മരിച്ചതെങ്ങനെ എന്നതിൽ വ്യക്തതയില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം മരണത്തിൽ അസ്വാഭാവിതകയുണ്ടോയെന്ന് പരിശോധിക്കും. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നായി ഒരു ബൈക്കും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.