ന്യൂഡൽഹി: പാർലമെന്റ് വളപ്പിലെ ബിജെപി നേതാക്കൾക്കെതിരായ ആക്രമണത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. ബിജെപി എംപി ഹേമാംഗ് ജോഷി നൽകിയ പരാതിയിലാണ് രാഹുലിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാരതീയ ന്യായസംഹിതയിലെ അപായപ്പെടുത്താനുള്ള ശ്രമം, ഭീഷണി, മനപ്പൂർവം മുറിവേൽപ്പിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തുടർനടപടികളുടെ ഭാഗമായി രാഹുലിനെ പൊലീസ് ചോദ്യം ചെയ്‌തേക്കും.
രണ്ട് ബിജെപി എംപിമാരെ കയ്യേറ്റം ചെയ്‌തെന്നും വനിതാ എംപിയെ അപമാനിക്കാൻ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ബിജെപി പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ചെന്നും കൊലപ്പെടുത്താൻ ശ്രമിച്ചെന്നും കാട്ടിയാണ് പരാതി. പാർലമെന്റ് വളപ്പിൽ നടന്ന ഇൻഡി മുന്നണിയുടെ പ്രതിഷേധ പ്രകടനത്തിനിടെയാണ് രാഹുലിന്റെ ആക്രമണത്തിൽ രണ്ട് ബിജെപി എംപിമാർക്ക് പരിക്കേറ്റത്. എംപിമാരായ മുകേഷ് രജ്പുത്തിനും പ്രതാപ്ചന്ദ്ര സാരംഗിനുമാണ് തലയ്‌ക്ക് പരിക്കേറ്റത്. ഇരുവരും ചികിത്സയിലാണ്.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ പെരുമാറിയെന്ന് ബിജെപി എപി ഫാങ്‌നോൺ കൊന്യാകും പരാതിപ്പെട്ടു. രാഹുലിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇവർ രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്ദീപ് ധൻകറിന് കത്തെഴുതി. രണ്ട് സംഭവങ്ങളിലും ബിജെപി പരാതി നൽകിയതിനു പിന്നാലെയാണ് ഇപ്പോൾ രാഹുലിനെതിരെ ഡൽഹി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിയമോപദേശം തേടിയശേഷമാണ് പൊലീസിന്റെ നടപടി.