ന്യൂഡൽഹി: ഇന്ത്യയുടെ സ്വന്തം യുപിഐ സംവിധാനം ആറ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. 2025 ആരംഭത്തോടെ ഏഷ്യയിലെ ആറ് രാജ്യങ്ങളിൽ കൂടി യുപിഐ ലഭിക്കും. ഖത്തർ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിലാകും ഡിജിറ്റൽ പണമിടപാടിനുള്ള ഇന്ത്യൻ സംവിധാനം ലഭ്യമാക്കുക.
നിലവിൽ, ഭൂട്ടാൻ, മൗറീഷ്യസ്, നേപ്പാൾ, സിംഗപ്പൂർ, ശ്രീലങ്ക, ഫ്രാൻസ് എന്നിവയുൾപ്പെടെ ഏഴ് രാജ്യങ്ങളിൽ യുപിഐ സംവിധാനം ലഭ്യമാണ്. കൂടുതൽ രാജ്യങ്ങളിലേക്ക് യുപിഐ എത്തുന്നതോടെ ഇന്ത്യൻ വിനോദസഞ്ചാകരികൾക്ക് ഉൾപ്പടെ BHIM, ഫോൺ പേ, പേയ്ടിഎം, ഗൂഗിൾ പേ തുടങ്ങിയ 20-ഓളം ആപ്പുകളിലൂടെ പണം കൈമാറ്റം ചെയ്യാൻ സാധിക്കും.
അന്താരാഷ്‌ട്ര തലത്തിൽ യുപിഐ സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ബാങ്കുകളുമായി പ്രവർത്തിക്കുന്നുവെന്ന് എൻപിസി ഇൻ്റർനാഷണൽ പേയ്മെൻ്റ്സ് (NIPL) CEO റിതേഷ് ശുക്ല പറഞ്ഞു. കച്ചവടക്കാർക്കും സാധാരണക്കാർക്കും ഉൾപ്പടെയുള്ളവരെ യുപിഐ ആകർഷിക്കുന്നു. യുപിഐയ്‌ക്ക് സമാനമായ പേയ്മെൻ്റ് സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനായി പെറു, നമീബിയ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.