കോഴിക്കോട് : ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന എം ടി വാസുദേവൻ നായരെ ആശുപത്രിയിലെത്തി സന്ദർശിച്ച് എഴുത്തുകാരൻ എം എൻ കാരശേരി. അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തന്നെ തുടരുകയാണെന്ന് എം ടിയെ കണ്ടശേഷം എം എൻ കാരശേരി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. തോളിൽ തട്ടി വിളിച്ചപ്പോൾ പ്രതികരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
“അദ്ദേഹത്തിന് ശ്വാസതടസമുണ്ട്. അത് മെച്ചപ്പെട്ടുവന്നിട്ടുണ്ട്. എന്നാലും നിലവിലെ സ്ഥിതി അതീവ ഗുരുതരമാണ്. തോളിൽ തട്ടി വിളിച്ചു. ഞാൻ വന്നുവെന്ന് പറഞ്ഞു. ഒന്നും പ്രതികരിച്ചില്ല. നഴ്സ് വന്ന് വിളിച്ചിട്ടും യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല. ശരീരത്തിൽ ഓക്സിജന്റെ അളവ് കുറവാണ്. ഓക്സിജൻ മാസ്ക് വച്ച് കണ്ണടച്ച് കിടക്കുകയാണ്. ഒന്നും പറയാനാകാത്ത അവസ്ഥയിലാണ്”.
മക്കളുമായി സംസാരിച്ചു. അദ്ദേഹത്തിന് എല്ലാം ഓർമയുണ്ട്. പക്ഷേ, സംസാരിക്കാൻ കഴിയുന്നില്ല. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരും കുടുംബാംഗങ്ങളുമെല്ലാം ആശുപത്രിയിൽ എത്തിയിട്ടുണ്ടെന്നും എം എൻ കാരശേരി പറഞ്ഞു.
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലാണ് എം ടി വാസുദേവൻ നായരെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹം. മന്ത്രി മുഹമ്മദ് റിയാസും ആശുപത്രിയിലെത്തി എം ടിയെ സന്ദർശിച്ചു.















