ചണ്ഡിഗഡ്: ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു. ഇന്ത്യൻ നാഷണൽ ലോക് ദൾ (INLD) നേതാവായിരുന്ന അദ്ദേഹം 89-ാം വയസിലാണ് വിടപറഞ്ഞത്. ഗുരുഗ്രാമിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി, ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി എന്നിവർ ചൗട്ടാലയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ രാഷ്ട്രീയത്തിന് നികത്താനാകാത്ത നഷ്ടമാണിതെന്ന് നേതാക്കൾ പ്രതികരിച്ചു.
അഞ്ച് തവണ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുള്ള ചൗട്ടാല, ഏഴ് പ്രാവശ്യം ജനപ്രതിനിധിയായും തിരഞ്ഞെടുക്കപ്പെട്ടിടുണ്ട്. 1989 ഡിസംബറിലായിരുന്നു ആദ്യമായി മുഖ്യമന്ത്രിയായത്.
പ്രമുഖ രാഷ്ട്രീയ കുടുംബത്തിൽ 1935 ജനുവരിയിൽ ജനിച്ച ചൗട്ടാല, ഇന്ത്യയുടെ ആറാമത് ഉപപ്രധാനമന്ത്രിയായ ചൗധരി ദേവി ലാലിന്റെ മകനാണ്. ദേവി ലാലും ഹരിയാന മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ശക്തരായ നേതാക്കളിൽ ഒരാളായി ചൗട്ടാലയെ കണക്കാക്കുന്നുണ്ടെങ്കിലും റിക്രൂട്ട്മെന്റ് തട്ടിപ്പ് ഉൾപ്പെടെ പലതും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയിൽ വിള്ളലുകൾ വീഴ്ത്തി.
ഹരിയാനയിൽ 1999-2000 കാലഘട്ടത്തിൽ നിയമിതരായ ജൂനിയർ അദ്ധ്യാപകരിൽ നിന്ന് കോഴവാങ്ങിയെന്ന വിവാദമാണ് ചൗട്ടാലയെ വെട്ടിലാക്കിയത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ 2013ൽ അദ്ദേഹത്തെ പത്ത് വർഷത്തെ തടവിന് വിധിച്ചു. ഒമ്പതര വർഷത്തെ തടവുജീവിതത്തിന് ശേഷം 2021 ജൂലൈയിൽ അദ്ദേഹം ജയിൽമോചിതനായി.