ഏതാണ്ട് ഏഴു പതിറ്റാണ്ടിനടുപ്പിച്ച് മലയാള സാഹിത്യത്തിൽ നിറഞ്ഞുനിന്നിരുന്ന ജ്ഞാനപീഠ ജേതാവ് എം ടി വാസുദേവൻ നായർ നല്ല ഒരു പ്രഭാഷകനും കൂടിയായിരുന്നു. ഒരിക്കലും ഘോരഘോരമോ ഉച്ചസ്ഥായിയിലോ എത്താതെ പതിഞ്ഞ താളത്തിൽ തനിക്ക് പറയുവാനുള്ളത് കൃത്യമായും വ്യക്തമായും പറയുമായിരുന്ന എംടി യുടെ പ്രഭാഷണ ശൈലി കേൾവിക്കാരെ ആകർഷിച്ചിരുന്നു.
എന്നാൽ 2024 ജനുവരി മാസത്തിൽ കോഴിക്കോട് സംഘടിപ്പിക്കപ്പെട്ട കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വേദിയിൽ വച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ എംടി നടത്തിയ പ്രസംഗം വിവാദങ്ങൾക്കൊപ്പം നിരവധി ചർച്ചകൾക്കും വഴി വച്ചിരുന്നു. നേതൃപൂജ, അധികാരാധിപത്യം, ജനാധിപത്യം, ഏകാധിപത്യം, എന്നിവയെക്കുറിച്ച് പരാമർശിച്ച ആ പ്രസംഗം നിമിഷനേരം കൊണ്ട് തന്നെ ചർച്ചയായി.
മുഖ്യമന്ത്രി പിണറായി വിജയൻ, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്, മേയർ ബീന ഫിലിപ്പ് എന്നിവരെ കൂടാതെ വേദിയിലും സദസ്സിലുമായി നിരവധി രാഷ്‌ട്രീയ, സാംസ്കാരിക വ്യക്തിത്വങ്ങൾ അവിടെ ഉണ്ടായിരുന്നു. “ചരിത്രപരമായ ഒരാവശ്യത്തെക്കുറിച്ച് ഞാൻ ഇവിടെ പറയുവാൻ ആഗ്രഹിക്കുന്നു” എന്ന് പറഞ്ഞു തുടങ്ങിയ എം ടി ജനാധിപത്യത്തെ അധികാരാധിപത്യമാക്കുന്ന പ്രവണതയുടെ അപകടത്തെക്കുറിച്ച് കൃത്യമായി ചൂണ്ടിക്കാട്ടി.
കേരള മുഖ്യമന്ത്രിയായിരുന്ന ഇഎംഎസിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് 2003 ൽ പുറത്തിറക്കിയ സ്നേഹാദരങ്ങളോടെ എന്ന പുസ്തകത്തിൽ താൻ എഴുതി പ്രസിദ്ധീകരിച്ച ഒരു ലേഖനമാണ് എം ടി അവിടെ വായിച്ചത്. തിന്മകളുടെ മുഴുവൻ ഉത്തരവാദിത്വവും സാറിസ്റ്റ് വാഴ്ചയുടെ മേൽ കെട്ടിവച്ച്, പൊള്ളയായ പ്രശംസകൾ നൽകിയും, നേട്ടങ്ങളെ പെരുപ്പിച്ചു കാണിച്ചും, ആൾക്കൂട്ടത്തെ തൃപ്തിപ്പെടുത്തുന്നതിന് മാക്സിം ഗോർക്കിയും ചെക്കോവും എതിരായിരുന്നു എന്ന് എം ടി അർഥശങ്കയ്‌ക്കിടയില്ലാതെ വ്യക്തമാക്കി.
പിണറായി വിജയനെ വേദിയിൽ ഇരുത്തിക്കൊണ്ട് എം ടി വാസുദേവൻ നായർ നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം താഴെ വായിക്കാം.















