ന്യൂഡൽഹി: പാർലമെന്റിൽ തണ്ണിമത്തൻ ബാഗുമായി പ്രത്യക്ഷപ്പെട്ട പ്രിയങ്കയ്‌ക്ക് പുതിയ ബാഗ് സമ്മാനിച്ച് ബിജെപി. ബിജെപി എംപി അപരാജിത സാരംഗിയാണ് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിക്ക് 1984 എന്ന് രേഖപ്പെടുത്തിയ ബാഗ് നൽകിയത്. കോൺഗ്രസ് ഭരണകാലത്തെ ഇരുണ്ട അദ്ധ്യായമെന്ന് അറിയപ്പെടുന്ന സിഖ്‌വിരുദ്ധ കലാപം നടന്ന വർഷമാണിത്. ബിജെപി വൃത്തങ്ങൾ പുറത്തുവിട്ട വീഡിയോയിൽ അപരാജിത സാരംഗി നൽകുന്ന ബാഗ് സ്വീകരിച്ച് നടന്നു നീങ്ങുന്ന പ്രിയങ്കയെ കാണാം.
കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റിലെത്തിയ കോൺഗ്രസ് എംപിയുടെ തോളിൽ തൂക്കിയിട്ട ബാഗുകൾ മാദ്ധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പ്രിയങ്ക തണ്ണിമത്തൻ ബാഗുമായി പാർലമെന്റിലെത്തിയത്. ബാഗ് മാദ്ധ്യമപ്രവർത്തകരുടെ ശ്രദ്ധയിൽപെടുത്താനായി ഇവർ ഫോട്ടോകൾക്ക് പോസ് നൽകുകയും ചെയ്തു. എന്നാൽ ബാഗിനെച്ചൊല്ലി രൂക്ഷവിമർശനമാണ് പ്രിയങ്കാ ഗാന്ധിക്കെതിരെ ഉയർന്നത്. ഒന്നുകിൽ ജീവിക്കുന്ന രാജ്യത്തെ പിന്തുണയ്‌ക്കണമെന്നും അല്ലെങ്കിൽ പിന്തുണയ്‌ക്കുന്ന രാജ്യത്തുപോയി ജീവിക്കണമെന്നുമടക്കമുള്ള വിമർശനങ്ങൾ പ്രിയങ്കയ്‌ക്കെതിരെ ഉയർന്നു. പ്രീണന രാഷ്‌ട്രീയത്തിന്റെ ബാഗാണ് പ്രിയങ്കാ ധരിച്ചതെന്ന് ബിജെപിയും പരിഹസിച്ചു.
പ്രിയങ്ക ബംഗ്ലാദേശിൽ ഹിന്ദുക്കളും ന്യൂനപക്ഷങ്ങളും നേരിടുന്ന പീഡനം കണ്ടില്ലേയെന്ന വിമർശനം വിവിധ കോണുകളിൽ നിന്ന് ഉയർന്നിരുന്നു. ഇത് രാഷ്‌ട്രീയ തിരിച്ചടിയാകുമെന്ന് കണ്ട പ്രിയങ്ക പിറ്റേന്ന് ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് പിന്തുണ എന്നെഴുതിയ ബാഗുമായും സഭയിലെത്തി. ഇതും ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി സിഖ് വിരുദ്ധ കലാപവും കൂട്ടക്കുരുതിയും ഓർമപ്പെടുത്തുന്ന ബാഗ് പ്രിയങ്കയ്‌ക്ക് സമ്മാനിച്ചത്.
1984 ൽ ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനുപിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ ആയിരക്കണക്കിന് സിഖുകാരാണ് കൊല്ലപ്പെട്ടത്. പ്രിയങ്കയുടെ പാർലമെന്റിലെ നാടകത്തിനുള്ള ഉചിതമായ മറുപടിയെന്നാണ് ബിജെപി സമ്മാനത്തെ വിശേഷിപ്പിച്ചത്. ഈ ബാഗും പ്രിയങ്ക ധരിക്കണമെന്നും കലാപത്തിലെ ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
Delhi: BJP MP Aparajita Sarangi gifted a bag to Priyanka Gandhi featuring a photo of the 1984 Sikh riots pic.twitter.com/xwq4ev3DfA
— IANS (@ians_india) December 20, 2024