ന്യൂഡൽഹി: ബംഗ്ലാദേശിലും പാകിസ്താനിലും ഹിന്ദുക്കൾക്ക് നേരെ നടന്ന ആക്രമണങ്ങളുടെ കണക്കുകൾ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം. ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം രാജ്യത്ത് നടക്കുന്ന ഹിന്ദുവേട്ട അതിരൂക്ഷമായി വർദ്ധിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2024ൽ 2,200ലധികം കേസുകളാണ് ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളായി ബംഗ്ലാദേശിൽ റിപ്പോർട്ട് ചെയ്തത്. ഇതേസമയം പാകിസ്താനിൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 112 ആണ്. വിദേശകാര്യ മന്ത്രാലയം രാജ്യസഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കണക്കുകൾ വിശദമാക്കിയത്.
ബംഗ്ലാദേശ്
2022 – 47
2023 – 302
2024 – 2,200 എന്നിങ്ങനെയാണ് ബംഗ്ലാദേശിലെ കണക്കുകൾ. ഈ വർഷം ഡിസംബർ എട്ട് വരെയുള്ള കേസുകളാണിത്.
പാകിസ്താൻ
2022 – 241
2023 – 103
2024 – 112 എന്നിങ്ങനെയാണ് പാകിസ്താനിലെ കണക്കുകൾ. ഈ വർഷം ഒക്ടോബർ വരെയുള്ള കേസുകളാണിത്.
ബംഗ്ലാദേശ്, പാകിസ്താൻ സർക്കാരുകൾക്ക് ഇന്ത്യ അറിയിപ്പ് നൽകിയതായും അതത് രാജ്യങ്ങളിലെ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും സുരക്ഷയും സംരക്ഷണവും ഒരുക്കണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു. ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ ബംഗ്ലാദേശും പാകിസ്താനും ഒഴികെ മറ്റെവിടെയും ന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
രാജ്യത്ത് നടക്കുന്ന ഹിന്ദുവേട്ട അടുത്തിടെ ബംഗ്ലാദേശ് ഭരണകൂടം തുറന്നുസമ്മതിച്ചിരുന്നു. അക്രമികൾക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് യൂനുസ് സർക്കാർ അവകാശപ്പെടുകയും ചെയ്തു. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം അതിരൂക്ഷമായതോടെ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ധാക്ക സന്ദർശിച്ച് ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിരുന്നു.















