പ്രേക്ഷകരോടൊപ്പം മാർക്കോ കാണാൻ തിയേറ്ററിലെത്തിയ, ഉണ്ണി മുകുന്ദന് ഉഗ്രൻ സർപ്രൈസൊരുക്കി ആരാധകൻ. ചിത്രത്തിലെ മാർക്കോയുടെ വേഷത്തിലും സ്റ്റൈലിലുമെത്തിയാണ് ആരാധകൻ ഉണ്ണി മുകുന്ദനെ ഞെട്ടിച്ചത്. പ്രേക്ഷകർക്കൊപ്പമിരുന്ന് സിനിമ കണ്ടിറങ്ങിയ ശേഷം ഡ്യൂപ്ലിക്കേറ്റ് മാർക്കോയുമായി സംസാരിക്കുന്ന ഉണ്ണി മുകുന്ദന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പുറത്തെത്തിയിട്ടുണ്ട്.
മാർക്കോയിലെ ഡയലോഗ് പറയുന്ന ആരാധകനെയും ഇതുകണ്ട് ചിരിച്ചുകൊണ്ടുനിൽക്കുന്ന ഉണ്ണി മുകുന്ദനെയും വീഡിയോയിൽ കാണാം. മാർക്കോയിലെ ക്ലൈമാക്സ് രംഗത്തെ ഡയലോഗാണ് ആരാധകൻ ഒറ്റശ്വാസത്തിൽ പറയുന്നത്. ഡയലോഗ് പറയുന്നതിനിടെ മാർക്കോ എന്ന് ഉച്ചത്തിൽ വിളിക്കുമ്പോൾ ഞെട്ടി വീഴാൻ പോകുന്ന ഉണ്ണി മുകുന്ദന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാവുകയാണ്. യുവാവിനെ പ്രശംസിച്ച താരം ആരാധകരോടൊപ്പം ചിത്രമെടുത്തതിന് ശേഷമാണ് തിയേറ്ററിൽ നിന്നും മടങ്ങിയത്.
മോഹൻലാൽ ചിത്രങ്ങൾ കണ്ടാണ് തനിക്ക് ആക്ഷൻ പടങ്ങളോട് ഇഷ്ടം തോന്നി തുടങ്ങിയതെന്ന് ഉണ്ണി മുകുന്ദൻ പ്രതികരിച്ചിരുന്നു. മലയാള സിനിമാ മേഖല ഇതുവരെ കണ്ടിട്ടില്ലാത്ത വയലൻസ് സിനിമ ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും മാർക്കോയിൽ ഏറെ പ്രതീക്ഷകൾ ഉണ്ടായിരുന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. പ്രേക്ഷകർക്കിടയിലേക്ക് സർപ്രൈസായാണ് ഉണ്ണി മുകുന്ദൻ എത്തിയത്.
ജഗദീഷ്, സിദ്ദിഖ് എന്നിവരുടെ പ്രകടനത്തെ കുറിച്ചും മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകർ പറയുന്നത്. ആക്ഷനും വൈകാരിക രംഗങ്ങളും കൊണ്ട് പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന മാർക്കോ വൻ ഹിറ്റായി മാറുമെന്നാണ് പ്രേക്ഷകാഭിപ്രായം.