കെയ്റോ: ഇന്ത്യയുമായി അകന്ന് നിൽക്കുന്ന ബംഗ്ലാദേശ് പാകിസ്താനുമായി അടുക്കുന്നു. ഇസ്ലാമബാദുമായി ബന്ധം ശക്തിപ്പെടുത്താനുള്ള തീവ്ര ശ്രമങ്ങളിലാണ് ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യുനുസ്. ഈജിപ്തിലെ കെയ്റോവിൽ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളുടെ കൂട്ടായ്മയായ ഡി-8ൽ വെച്ചാണ് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി യുനുസ് കൂടിക്കാഴ്ച നടത്തിയത്.
1971-ലെ ‘വേർപിരിയലുമായി’ ബന്ധപ്പെട്ട് നിൽക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് യുനുസ് ഷെരിഫിനോട് പറഞ്ഞു. യൂനുസുമായി ഊഷ്മളവും സൗഹാർദ്ദപരവുമായ ആശയവിനിമയം നടത്തിയെന്ന് ഷെരിഫും പ്രതികരിച്ചു. എട്ട് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളാണ് ഡി-8 ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോപ്പറേഷനിലെ അംഗങ്ങൾ.
ബംഗ്ലാദേശിൽ യൂനുസ് എത്തിയതിന് പിന്നാലെ പതിറ്റാണ്ടുകളായി ബദ്ധവൈരികളായ പാകിസ്തനുമായി അടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. കഴിഞ്ഞ നവംബറിൽ പാകിസ്താനിൽ നിന്നുള്ള ആദ്യ ചരക്ക് കപ്പൽ ചിറ്റഗോംഗ് തുറമുഖത്ത് നങ്കൂരമിട്ടിരുന്നു. ഇരുവരും തമ്മിൽ ബന്ധത്തിന്റെ ആദ്യസൂചനയായിരുന്നു ഇത്.
ഓഗസ്റ്റിൽ വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ മറവിൽ മതമൗലികവാദികൾ നടത്തിയ കലാപത്തിന് പിന്നാലെ ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയിരുന്നു. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണു. തുടർന്ന് ഹിന്ദുവംശഹത്യ അവസാനിപ്പിക്കണമെന്ന് ന്യൂഡൽഹി ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ആഭ്യന്തര വിഷയമാണെന്ന തരത്തിലായിരുന്നു ധാക്കയുടെ പ്രതികരണം.
ദിവസങ്ങൾക്ക് മുൻപ് ബംഗ്ലാദേശ് വിമോചനത്തിൽ ഇന്ത്യ വെറും സഖ്യ കക്ഷിയാണെന്നും വിജയ് ദിവസ് ആചരിക്കാൻ അർഹതയില്ലെന്ന പ്രസ്താവനയും ഇടക്കാല സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായി. 2500 ലധികം സൈനികരുടെ ജീവത്യാഗത്തെ നിസാരവൽക്കരിച്ചത് ഇന്ത്യ അതീവ ഗൗരവമായാണ് കാണുന്നത്. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധം കൂടുതൽ വിടവ് വന്നു. ഇതിനിടെയാണ് ഇസ്ലാമിക രാജ്യമായ പാകിസ്താനുമായി അടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്.















