ഓറഞ്ച് കഴിക്കാനെടുത്തൽ തൊലി പൊളിച്ച് ദൂരേക്ക് വലിച്ചെറിയുന്നവരാണ് നമ്മൾ. എന്നാൽ ഇനി അങ്ങനെ ചെയ്യേണ്ട. അടുത്ത തവണ ഓറഞ്ച് കഴിക്കുമ്പോൾ തൊലി പൊളിച്ച് മാറ്റിവച്ചോളു. ചിലരൊക്കെ ഓറഞ്ചിന്റെ തൊലികൊണ്ട് നിരവധി സൗന്ദര്യ വർധക വസ്തുക്കൾ നിർമ്മിച്ച് ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് അതല്ല. ഊണിനൊപ്പം കഴിക്കാൻ സ്വാദിഷ്ടമായൊരു കറി തന്നെ നമുക്ക് ഓറഞ്ച് തൊലി കൊണ്ട് തയാറാക്കാം.
ആവശ്യമായ ചേരുവകൾ
- ഓറഞ്ചിന്റെ തൊലി-2 എണ്ണം
- എണ്ണ – 2 ടേബിൾ സ്പൂൺ
- പച്ചമുളക് -2 എണ്ണം
- കറിവേപ്പില
- സാമ്പാർ മസാല – 3 ടേബിൾ സ്പൂൺ
- ഉപ്പ്
- പുളിവെള്ളം -അരകപ്പ്
- ശർക്കര പൊടിച്ചത്-1.5 ടേബിൾ സ്പൂൺ
പാകം ചെയ്യുന്ന വിധം
ഓറഞ്ച് തൊലികൾ വൃത്തിയാക്കി അവ ചോപ്പർ ഉപയോഗിച്ച് ചെറുതായി നുറുക്കിയെടുക്കുക. പാൻ ചൂടാക്കി ഇതിലേക്ക് 2 ടേബിൾ സ്പൂൺ എണ്ണ ഒഴിക്കാം. ഇതിൽ പച്ചമുളക്,കറിവേപ്പില, നുറുക്കിയ ഓറഞ്ച് തൊലി എന്നിവ ചേർത്ത് ചൂടാക്കണം. ഓറഞ്ച് തൊലി വെന്തുകഴിഞ്ഞാൽ ഇതിലേക്ക് സാമ്പാർ മസാല ചേർക്കാം. ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതത്തിലേക്ക് 2 കപ്പ് പുളിവെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക. തിളച്ചുകഴിഞ്ഞാൽ ഇതിലേക്ക് 1.5 ടേബിൾ സ്പൂൺ ശർക്കര പൊടിച്ചത് ചേർക്കുക. നന്നായി ഇളക്കി യോജിപ്പിച്ചുകഴിഞ്ഞാൽ കറി റെഡി. ചോറിനൊപ്പം വിളമ്പി കഴിക്കാം















