തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു. ക്ലാസ് മുറിയിൽ വച്ചായിരുന്നു സംഭവം. ഏഴാം ക്ലാസുകാരിക്കാണ് കടിയേറ്റത്. നെയ്യാറ്റിൻകര ചെങ്കൽ സർക്കാർ യുപിഎസിലാണ് സംഭവം. ചെങ്കൽ സ്വദേശി നേഹയ്‌ക്കാണ് (12) പാമ്പുകടിയേറ്റത്. വലത് കാൽപാദത്തിലാണ് കടിയേറ്റതെന്നാണ് വിവരം. ഉച്ചയ്‌ക്ക് ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. കുട്ടി നിലവിൽ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
ക്ലാസ് മുറിയിൽ വിദ്യാർത്ഥിക്ക് പാമ്പ് കടിയേൽക്കുന്നത് ഇതാദ്യമല്ല. വർഷങ്ങൾക്ക് മുമ്പ് സുൽത്താൻ ബത്തേരി സ്കൂളിൽ അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവം ഏറെ ചർച്ചയായിരുന്നു. ഇതിനു പിന്നാലെ സംസ്ഥാന വ്യാപകമായി നടപടികൾ സ്വീകരിക്കുകയും സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ട പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്തെങ്കിലും പിന്നീട് പല സ്കൂളുകളിലും കുട്ടികൾക്ക് പാമ്പുകടിയേൽക്കുന്ന സാഹചര്യങ്ങൾ ഉണ്ടായി. കഴിഞ്ഞ സെപ്റ്റംബറിൽ നീലേശ്വരത്ത് ഓണാഘോഷത്തിനിടെ ക്ലാസ് മുറിയിൽ വച്ച് ടീച്ചർക്ക് പാമ്പ് കടിയേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ക്രിസ്മസ് ആഘോഷത്തിനിടെ വിദ്യാർത്ഥിക്ക് കടിയേൽക്കുന്ന സംഭവവും റിപ്പോർട്ട് ചെയ്യുന്നത്.















