തൃശൂർ: നവീകരിച്ച ശക്തൻ തമ്പുരാൻ കൊട്ടാര മ്യൂസിയം മണ്ഡലത്തിലെ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി നാടിന് സമർപ്പിച്ചു. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്തിന്റെ തിലകക്കുറിയാണ് ശക്തൻ തമ്പുരാനെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ നവീകരണത്തിന്റെ ഭാഗമായി തീമാറ്റിക് സങ്കൽപ്പത്തിൽ 14 ഗ്യാലറികളാണ് മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്നത്.
ഭാരതത്തിൽ മുഴുവൻ മൺമറഞ്ഞുപോയ ഒരുപാട് പുരാവസ്തുകേന്ദ്രങ്ങൾ ഇത്തരത്തിൽ ഉയിർത്തെഴുന്നേൽപിന് വിധേയമായി കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തിൽ ആദ്യമായി ആ ഉയിർത്തെഴുന്നേൽപിന്റെ ഭാഗമായി തൃശൂരിന് ആ അനുഗ്രഹം ലഭിച്ചു എന്നത് തന്റെ ഈ മേഖലയിലെ ജീവിതത്തിന് വലിയ തിളക്കമാണ് ചാർത്തി തരുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു.
തനിക്ക് അഭിമാനിക്കാൻ വക നൽകുന്നതാണിതെന്നും ഒരു തുടക്കം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഒത്തുചേരലോടെയാണ് ഇത് സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സംസ്കാരങ്ങളുടെ അടയാളങ്ങളായ ഹാരപ്പ, കർണൂൽ, അരിക്കമേട്, ഗാന്ധാര, ചേരമാൻ പറമ്പ് എന്നിവിടങ്ങളിൽ നിന്ന് ഉത്ഖനനത്തിലൂടെ ലഭിച്ച പുരാവസ്തു ശേഖരങ്ങളാണ് മ്യൂസിയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇത് കൂടാതെ 14 തീമാറ്റിക് ഗ്യാലറികളിലായി ആയിരത്തിലധികം അമൂല്യ വസ്തുക്കളും പ്രദർശനത്തിനായി ഒരുക്കിയിട്ടുണ്ട്.
ഇടവേളക്ക് ശേഷം വീണ്ടും മ്യൂസിയം തുറന്നതോടെ നിരവധിയാളുകളാണ് സന്ദർശനത്തിനായി ശക്തൻ കൊട്ടാരത്തിലെത്തിയത്. ദിവസേന രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുളളവരും പരിപാടിയിൽ പങ്കെടുത്തു.