റായ്പൂർ: മാവോയിസ്റ്റുകൾ വനത്തിൽ കുഴിച്ചിട്ട കുഴിബോംബിൽ ചവിട്ടി 3 കരടികൾക്ക് ദാരുണാന്ത്യം. ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിൽ നക്‌സലൈറ്റുകൾ സ്ഥാപിച്ച ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണം (ഐഇഡി) പൊട്ടിത്തെറിച്ച് ഒരു പെൺകരടിയും അതിന്റെ രണ്ട് കുഞ്ഞുങ്ങളും കൊല്ലപ്പെട്ടതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ബാർസൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊഹ്കബേഡയിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സംഭവം നടന്നിരുന്നതെങ്കിലും ചില ഗ്രാമവാസികൾ മൃതദേഹങ്ങൾ കണ്ട് പോലീസിനെ അറിയിച്ചതോടെയാണ് ഇത് പുറത്തറിഞ്ഞതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഛത്തീസ്ഗഡ്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ മാവോയിസ്റ്റുകളുടെ ആധിപത്യമുള്ള പ്രദേശങ്ങളിൽ വനത്തിനുള്ളിൽ അവർ കുഴിബോംബുകൾ സ്ഥാപിക്കുന്ന സംഭവങ്ങൾ ഇടയ്‌ക്കിടെ അരങ്ങേറുന്നുണ്ട്. മാവോയിസ്റ്റുകളെ അടിച്ചമർത്തുന്നതിനായി സംസ്ഥാന സ്പെഷ്യൽ പൊലീസ് ഫോഴ്സിനൊപ്പം സെൻട്രൽ റിസർവ് പൊലീസും ഉൾപ്പെടുന്ന സംയുക്ത സംഘങ്ങളുടെ ഓപ്പറേഷനുകൾ നടക്കാറുണ്ട്. ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് നക്‌സലൈറ്റുകൾ വനത്തിൽ കുഴിബോംബുകളും സ്ഥാപിച്ചു വരുന്നത്.
അക്കൂട്ടത്തിൽ ഒരു കുഴിബോംബിൽ ചവിട്ടിയാണ് അമ്മക്കരടിയും അതിന്റെ മൂന്നു കുഞ്ഞുങ്ങളും കൊല്ലപ്പെട്ടത്. വിവരമറിഞ്ഞെത്തിയ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട കരടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. പിന്നീട് കരടികളുടെ മൃതദേഹങ്ങൾ വനത്തിൽ കുഴിച്ചിട്ടു. സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷിക്കുന്നുണ്ട്.
നക്‌സലൈറ്റുകളുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന അബുജ്മാദിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം വളരെ സെൻസിറ്റീവ് ആയി കണക്കാക്കപ്പെടുന്നു. സുരക്ഷാ സേനയെ ലക്ഷ്യമിട്ട് നക്‌സലൈറ്റുകൾ സ്ഥാപിച്ച ഐഇഡികൾ ഭയന്ന് പ്രദേശവാസികൾ പോലും ഈ പ്രദേശം സന്ദർശിക്കുന്നത് ഒഴിവാക്കാറുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഡിസംബർ 16 ന്, വനത്തിൽ വിറക് ശേഖരിക്കാൻ പോയ മനാരു അകാലി (35) എന്ന ഗ്രാമവാസി അതേ പ്രദേശത്ത് ഐഇഡി സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.