കൊച്ചി: മിസ് കേരളയായി വൈറ്റില സ്വദേശി മേഘാ ആന്റണി. കോട്ടയം സ്വദേശി അരുന്ധതിയാണ് ഫസ്റ്റ് റണ്ണറപ്പ്. തൃശ്ശൂർ കൊരട്ടി സ്വദേശി ഏയ്ഞ്ചൽ ബെന്നിയെ സെക്കന്റ് റണ്ണറപ്പായും തെരഞ്ഞെടുത്തു.
കൊച്ചി ഗ്രാൻ്റ് ഹയാത്ത് ഹോട്ടലിലായിരുന്നു ഫൈനൽ. വിവിധ മേഖലയിൽ നിന്നുള്ളവരായിരുന്നു വിധികർത്താക്കൾ. ഡിസംബർ ആദ്യവാരം ആരംഭിച്ച ഓഡിഷനുകൾ കടന്നാണ് 300-ലേറെ മത്സാരാർത്ഥികളെത്തിയത്. വിവിധ ഘട്ടങ്ങളിൽ വിജയികളായെത്തിയ 19 പേരാണ് മിസ് കേരള 24-ാമത് പതിപ്പിന്റെ അവസാന ഘട്ട മത്സരത്തിലുണ്ടായിരുന്നത്. മൂന്ന് റൗണ്ടുകളായാണ് ഗ്രാൻ്റ് ഫിനാലെ നടത്തിയത്.
മിസ് കേരളയ്‌ക്ക് പുറമേ മിസ് ഫിറ്റ്നസ്, മിസ് ബ്യൂട്ടിഫുൾ സ്മൈൽ എന്നീ സ്ഥാനങ്ങളിലേക്ക് റോസ്മി ഷാജി, മിസ് ബ്യൂട്ടിഫുൾ ഐസ് ആയി ഏയ്ഞ്ചൽ ബെന്നി, മിസ് ടാലന്റഡായി അദ്രിക സഞ്ജീവ്, മിസ് ബ്യൂട്ടിഫുൾ സ്കിനായി അമ്മു ഇന്ദു അരുൺ, മിസ് ഫോട്ടോജെനിക്, മിസ് ബ്യൂട്ടിഫുൾ ഹെയർ എന്നിവയായി സാനിയ ഫാത്തിമ, മിസ് ബ്യൂട്ടിഫുൾ സ്കിൻ ആയി അസ്മിൻ, മിസ് കൊൻജിനിയാലിറ്റി സ്ഥാനത്തേക്ക് കീർത്തി ലക്ഷ്മി എന്നിവരെയും തെരഞ്ഞെടുത്തു.
എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ് മിസ് കേരള കിരീടം ചൂടിയ മേഘ ആന്റണി. മിസ് കേരള പട്ടം ചെറുപ്പം മുതലുള്ള ആഗ്രഹമാണെന്നും കുറേ വർഷത്തെ പ്രയത്നമാണ് ഫലം കണ്ടതെന്നും മേഘ പറഞ്ഞു.
ഏതൊരു പെൺകുട്ടിയുടെയും വലിയ സ്വപ്നമാണ് മിസ് കേരള. പഠനത്തിനിടയിൽ അവസരം ലഭിച്ചതും മികച്ച വിജയം നേടാനായതും അവിശ്വസനീയമാണെന്നും ഫസ്റ്റ് റണ്ണർ അപ്പായ അരുന്ധതി പറഞ്ഞു. ആറ് വർഷത്തോളമായുള്ള സ്വപ്നമാണ് സഫലമായതെന്ന് സെക്കൻഡ് റണ്ണർ അപ്പ് ഏയ്ഞ്ചൽ ബെന്നിയും പറഞ്ഞു. ജോലി ലഭിച്ചതിന് ശേഷം മത്സരത്തിലേക്ക് തിരിയാമെന്നായിരുന്നു തീരുമാനമെന്നും സ്വന്തം പൈസയ്‌ക്കാണ് അപേക്ഷിച്ചതും മറ്റ് ചെലവുകൾ വഹിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
ശരീരം മെലിഞ്ഞിരിക്കണം, പൊക്കമുണ്ടാകണമെന്നൊക്കെയാണ് നേരത്തെ സൗന്ദര്യമെന്ന് വ്യാഖ്യാനിക്കപ്പെട്ടിരുന്നത്. എന്നാൽ ട്രെൻഡ് മാറിയെന്നും ഇത്തവണത്തെ മത്സാരാർത്ഥികളിൽ എല്ലാ തരത്തിലുള്ളവരുമുണ്ടായിരുന്നുവെന്ന് സംഘടാകൻ പറഞ്ഞു. ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള പാങ്കാളിത്തവും വർദ്ധിച്ചിട്ടുണ്ട്.