തിരുനെൽവേലി: വധശ്രമക്കേസിൽ ഹാജരാകാനെത്തിയ പ്രതിയെ പട്ടാപ്പകൽ കോടതിക്കു മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ ജില്ലാ കോടതിക്കു മുന്നിൽ വച്ചാണ് ആളുകൾ നോക്കിനിൽക്കെ മായാണ്ടി (38) എന്ന യുവാവിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. കാറിൽ എത്തിയ ഏഴംഗസംഘമാണ് കൃത്യം നിർവ്വഹിച്ചത്.
വെള്ളിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. തിരുനെൽവേലി ഗീലാനന്തം സ്വദേശിയാണു മായാണ്ടി. തിരുനെൽവേലി ജില്ലയിലെ ഗീലാനന്തം പഞ്ചായത്ത് രണ്ടാം വാർഡ് അംഗമായിരുന്ന ഗീലാനന്തം വടക്കൂർ സ്വദേശി രാജാമണി (32) യെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ.
ഇതും വായിക്കുക
തിരുനെൽവേലിയിൽ അക്രമം തുടരുന്നു; പഞ്ചായത്ത് മെമ്പർ വെട്ടേറ്റു മരിച്ചു.
ഈ കേസിൽ ഹാജരാകാനാണു മായാണ്ടി ജില്ലാ കോടതിയിൽ എത്തിയത്. എന്നാൽ കോടതിയിലേക്ക് കയറുന്നതിനു തൊട്ടുമുൻപ് കാറിലെത്തിയ ഏഴംഗ സംഘം ഇയാളെ പിന്തുടർന്ന് വെട്ടിവീഴ്‌ത്തുകായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്നെത്തിയ സംഘം മായാണ്ടിയെ വെട്ടിക്കൊലപ്പെടുത്തി. കോടതിക്കു മുന്നിൽ നിരവധി ആളുകൾ നോക്കിനിൽക്കെയായിരുന്നു സംഭവം.
കോടതിക്കുള്ളിൽനിന്നു പൊലീസ് ഉദ്യോഗസ്ഥർ ഓടിയെത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടിരുന്നു. തുടർന്ന് പൊലീസ് ഇവരുടെ കാർ പിന്തുടർന്നു. വൈകാതെ പ്രതികളിലൊരാളെ പിടികൂടി. പിടിയിലായയാളെ ചോദ്യം ചെയ്തപ്പോൾ ഗീലാനന്തം ഇന്ദിരാ കോളനിയിലെ മുരുകേശന്റെ മകൻ രാമകൃഷ്ണൻ (25) ആണ് ഇയാളെന്ന് വ്യക്തമായി.
അതിനിടെ കോടതിക്ക് മുന്നിൽ മയണ്ടിയെ കൊലപ്പെടുത്തി കാറിൽ രക്ഷപ്പെട്ട 3 പേരും പഴയങ്കോട് താലൂക്ക് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. അവിടെ വെച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ മണികണ്ഠന്റെ മകൻ തങ്കമകേശ് (21), ഗീലാനന്തം വടക്കൂർ സ്വദേശി നാരായണന്റെ മകൻ മനോജ് (27), രമേശിന്റെ മകൻ ശിവ (19) എന്നിവരാണെന്ന് വ്യക്തമായി. മൂന്നുപേരെയും പാളയംകോട് പോലീസിന് കൈമാറി. കൊലപാതകത്തിന് ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. ഈ കൊലപാതകക്കേസിൽ ആകെ 7 പേർ അറസ്റ്റിലായിട്ടുണ്ട്.
ഇതും വായിക്കുക
തിരുനെൽവേലി സിറ്റി പൊലീസ് കമ്മിഷണർ രൂപേഷ് കുമാർ മീണ സംഭവസ്ഥലം സന്ദർശിച്ചു . രക്ഷപ്പെട്ട മറ്റു പ്രതികളെ പിടികൂടാൻ മൂന്നു പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.കോടതിക്കു മുന്നിൽ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. രാജാമണി കൊലക്കേസിനുള്ള പ്രതികാരമാണോ മായാണ്ടിയുടെ കൊലപാതകത്തിലേക്കു നയിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുറ്റകൃത്യത്തിന് ഉപയോഗിച്ചെന്നു കരുതുന്ന വെട്ടുകത്തി, പ്രതികൾ സഞ്ചരിച്ചിരുന്ന കാർ എന്നിവയും പൊലീസ് കണ്ടെത്തി.
പട്ടാപ്പകൽ കോടതിക്കു മുന്നിലുണ്ടായ കൊലപാതകത്തിൽ അഭിഭാഷകരും കോടതി ജീവനക്കാരും പ്രതിഷേധിച്ചു.