ആഗ്ര: അലിഗഢിൽ വീണ്ടും ജീർണാവസ്ഥയിൽ മറ്റൊരു ക്ഷേത്രം കൂടി കണ്ടെത്തി ഭക്തർ. ഡൽഹി ഗേറ്റിന് സമീപം മുസ്ലീങ്ങൾ ഭൂരിപക്ഷമായി താമസിക്കുന്ന ഇടത്താണ് ക്ഷേത്രം കണ്ടെത്തിയത്. ബന്നാ ദേവി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സരായ് മിയാനിൽ കണ്ടെത്തിയ ശിവ ക്ഷേത്രത്തിന് 50 വർഷത്തോളം പഴക്കമുണ്ട്.
ദിവസങ്ങൾക്ക് മുൻപ് മറ്റൊരു ക്ഷേത്രം ഇവിടെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ പരിസര പ്രദേശങ്ങൾ വൃത്തിയാക്കുന്നതിനിടെയാണ് ക്ഷേത്രം കണ്ടെത്തുന്നത്. സമാധാന അന്തരീക്ഷം നില നിർത്തുന്നതിനായി പ്രദേശത്ത് പൊലീസിനേയും പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറിയെയും (PAC) വിന്യസിച്ചു.
പൂട്ടിക്കിടന്നിരുന്ന ക്ഷേത്രത്തിന്റെ കവാടങ്ങൾ കാലപ്പഴക്കംകൊണ്ട് ജീർണാവസ്ഥയിലായിരുന്നു. കുന്നുകൂടികിടന്ന മാലിന്യങ്ങൾ നീക്കം ചെയ്തപ്പോഴാണ് വിഗ്രഹങ്ങൾ കണ്ടെത്തിയത്. ശിവലിംഗത്തിന്റെയും ബജ്‌രംഗ് ബലിയുടെയും വിഗ്രഹങ്ങളാണ് കണ്ടെത്തിയത്. ക്ഷേത്രം പുനഃസ്ഥാപിച്ച് പൂജകൾ ആരംഭിക്കുമെന്ന് ഭക്തർ പറഞ്ഞു. സാമുദായിക സംഘർഷം ഭയന്ന് പ്രദേശത്തെ ഹിന്ദുക്കൾ പലായനം ചെയ്തതോടെയാണ് ക്ഷേത്രം അനാഥമായതെന്ന് പ്രദേശവാസികൾ പറയുന്നു.















