ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാർ 2016 മുതൽ നികത്തിയത് പിന്നാക്ക വിഭാഗങ്ങളുടെ നാല് ലക്ഷത്തിലധികം സംവരണ ഒഴിവുകൾ. കാലങ്ങളായി നികത്താതെ കിടന്ന ഒഴിവുകളായിരുന്നു ഇതിലധികവും. കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് രാജ്യസഭയിൽ എഴുതി നൽകിയ മറുപടിയിലാണ് ഈ കണക്ക് പുറത്തുവന്നത്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെയും മറ്റ് പിന്നാക്ക വിഭാഗങ്ങളിലെയും (OBC) ഉദ്യോഗാർത്ഥികൾക്കായി സംവരണം ചെയ്തിരുന്ന ഒഴിവുകളാണിവ.
നിലവിൽ ഇത്തരം ഒഴിവുകൾ കണ്ടെത്തുന്നതും നികത്തുന്നതും തുടർച്ചയായി നടക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നികത്താതെ കിടക്കുന്ന സംവരണ ഒഴിവുകൾ കണ്ടെത്താനും അവ ഒഴിഞ്ഞു കിടക്കുന്നതിന്റെ കാരണങ്ങൾ മനസിലാക്കാനും തടസങ്ങൾ നീക്കാനുമായി എല്ലാ മന്ത്രാലയങ്ങളിലും ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ ഉൾപ്പെടെ ഇത്തരം ഒഴിവുകൾ നികത്താനാണ് സർക്കാർ പരിശ്രമിക്കുന്നതെന്നും അദ്ദേഹം മറുപടിയിൽ വിശദീകരിച്ചു.
വിവിധ മന്ത്രാലയങ്ങൾ സമർപ്പിച്ച വിവരങ്ങൾ ക്രോഡീകരിച്ചാണ് ഇത്തരം നാല് ലക്ഷത്തിലധികം ഒഴിവുകൾ 2016 ന് ശേഷം നികത്തിയതായി കേന്ദ്രമന്ത്രി അറിയിച്ചത്. രാജ്യത്തെ പിന്നാക്ക, സംവരണ വിഭാഗങ്ങൾക്കുളള ഒഴിവുകൾ നികത്തുന്നതിലും ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകുന്നതിലും കോൺഗ്രസ് സർക്കാരുകളും യുപിഎ സർക്കാരുകളും എത്രത്തോളം പരാജയമായിരുന്നുവെന്ന് കൂടിയാണ് ഇത് വ്യക്തമാക്കുന്നത്.
സംവരണവുമായി ബന്ധപ്പെട്ട ഉത്തരവുകളും നിർദ്ദേശങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി കേന്ദ്രസർക്കാരിന് കീഴിലുളള എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലുളളതോ അതിന് മുകളിലുളളതോ ആയ ഉദ്യോഗസ്ഥനെ ലെയ്‌സൺ ഓഫീസറായി നിയമിക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. ഈ ലെയ്‌സൺ ഓഫീസറുടെ നേതൃത്വത്തിൽ സെപ്ഷ്യൽ റിസർവേഷൻ സെല്ലുകൾ രൂപീകരിക്കണം.
സമയാസമയം ഇത്തരം ഒഴിവുകൾ നികത്താൻ എല്ലാ മന്ത്രാലയങ്ങൾക്കും നിർദ്ദേശങ്ങൾ നൽകാറുണ്ടെന്നും മന്ത്രിയുടെ മറുപടിയിൽ വ്യക്തമാക്കുന്നു.