പാലക്കാട്: അയൽവാസി വീട് കയറി ആക്രമിച്ച സംഭവത്തിനുപിന്നിലെ കാരണം കേട്ട് ഞെട്ടി നാട്ടുകാർ. സുഹൃത്തിന്റെ വിവാഹത്തിന് ഒരേ നിറത്തിലുള്ള ഡ്രസ്സ് എടുക്കുന്നതിന് യുവാവ് പണം നൽകാത്തതിലുള്ള വൈരാഗ്യമാണ് അതിക്രമത്തിനുപിന്നിലെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് കോട്ടായ് സ്വദേശി മൻസൂറിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടയത്.
ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന കാർ ഉൾപ്പെടെ എട്ടോളം വാഹനങ്ങൾ അക്രമി സംഘം നശിപ്പിച്ചു. വിവാഹത്തിന് ഡ്രസ്സ് എടുക്കാൻ 600 രൂപ നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഇതുമായി ബന്ധപ്പെട്ട് മൻസൂറും സുഹൃത്തുക്കളും തമ്മിൽ നേരത്തെ വാക്ക് തർക്കത്തിലേർപ്പെട്ടിരുന്നു. ഈ വൈരാഗ്യത്തിന്റെ പേരിലാണ് അയൽവാസിയായ സുഹൃത്തും സംഘവും വീടുകയറി ആക്രമിച്ചത്.
ഡ്രസിന് പണം കൊടുക്കാൻ വൈകിയതിന്റെ പേരിൽ സുഹൃത്ത് സംഘത്തിലെ ഒരാൾ രാത്രി ഒരു മണിയോടെ പണം ചോദിച്ച് വീട്ടിൽ വന്നിരുന്നു. പിന്നെ വേറെ കുറച്ചുപേരുമായി വന്ന് തല്ലി. ഇത് പറഞ്ഞുതീർത്തതിന് ശേഷവും ഭീഷണിയുണ്ടായതോടെ പൊലീസിൽ പരാതി നൽകി. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു രാത്രി വീട്ടിൽ കയറി വാഹനങ്ങൾ അടിച്ചു തകർത്തത്.
മാരകായുധങ്ങളുമായി എത്തിയ സംഘം മുറ്റത്ത് നിർത്തിയിട്ടിരുന്ന ട്രാവലറിന്റെയും കാറിന്റെയും ചില്ലുകൾ അടിച്ച് തകർക്കുകയും ബുള്ളറ്റ് ഉൾപ്പെടെ നാലോളം ഇരുചക്രവാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു. അഞ്ചുമിനിറ്റ് കൊണ്ട് ആക്രമണം നടത്തി സംഘം മടങ്ങിപ്പോയാതായി മൻസൂർ പറയുന്നു. സംഭവത്തിൽ കോട്ടായി പൊലീസിന്റെ അന്വേഷണം നടക്കുകയാണ്.