ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുലിനെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. കോൺഗ്രസിനെയും രാഹുലിനെയും ഒരിക്കലും തിരുത്താനാകില്ലെന്നും തിരുത്തിയാലും നന്നാകാൻ പോകുന്നില്ലെന്നും കിരൺ റിജിജു തുറന്നടിച്ചു. പാർലമെന്റിന് പുറത്ത് ബഹളം വച്ചവരാണ് കോൺഗ്രസുകാർ. രാഹുലിന്റെയും കോൺഗ്രസിലെ മറ്റ് നേതാക്കളുടെയും ഇത്തരത്തിലുള്ള പ്രവണതകൾ മാറ്റാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” ഭരണഘടനയെ അവഹേളിക്കാനും ബി ആർ അംബേദ്ക്കറുടെ പൈതൃകം നശിപ്പിക്കാനും ശ്രമിച്ചവരാണ് കോൺഗ്രസുകാർ. ബിജെപി എംപിമാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ കോൺഗ്രസ് പാർട്ടിയോടും രാഹുലിനോടും മാപ്പ് പറയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുലിന്റെ ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ മാറുമെന്ന് തോന്നുന്നില്ല. സഭയിൽ ബഹളം വയ്‌ക്കുന്നതിനും പ്രശ്‌നങ്ങളുണ്ടാക്കുന്നുതിനും മറ്റ് നേതാക്കൾക്ക് നിർദേശം നൽകിയത് രാഹുലാണ്. ശീതകാല സമ്മേളനത്തിലെ മുഴുവൻ നടപടിക്രമങ്ങളും പരിശോധിച്ചാൽ എല്ലാ പ്രശ്‌നങ്ങൾക്കും തുടക്കം കുറിച്ചത് രാഹുലും കോൺഗ്രസുമാണെന്ന് കാണാൻ സാധിക്കും.”- കിരൺ റിജിജു പറഞ്ഞു.
രാജ്യത്തിന്റെ ജനാധിപത്യ തത്വങ്ങൾ കോൺഗ്രസുകാർ മാനിക്കണം. കോൺഗ്രസ് ഒരു കുടുംബാധിപത്യ പാർട്ടിയായതിനാൽ അവരുടെ ജനാധിപത്യപരമല്ലാത്ത ചിന്താഗതികൾ രാജ്യത്തിന്റെയോ മറ്റ് പാർട്ടികളുടെയോ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്. പാർലമെന്റ് ചട്ടങ്ങളും നിയമങ്ങളും പാലിച്ച് മുന്നോട്ട് പോകാനാണ് ബിജെപി താത്പര്യപ്പെടുന്നതെന്നും എന്നാൽ രാഹുലിന്റെ പെരുമാറ്റം ശീതകാല സമ്മേളനത്തിന് വളരെയധികം തടസങ്ങൾ സൃഷ്ടിച്ചെന്നും കിരൺ റിജിജു കൂട്ടിച്ചേർത്തു.
കൂടുതൽ ഉത്തരവാദിത്വപരമായി പെരുമാറാനും കാര്യങ്ങളെ നിരീക്ഷിക്കാനും കോൺഗ്രസിലെ മുതിർന്ന നേതാക്കൾ രാഹുലിനെ പഠിപ്പിക്കണം. പ്രതിപക്ഷ നേതാക്കളുടെ സഹകരണത്തോടെ സമ്മേളനം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ തുടക്കം മുതൽ സമ്മേളനം തടസപ്പെടുത്താനാണ് രാഹുൽ ശ്രമിച്ചത്. ബിജെപി എംപിമാരെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. കയ്യൂക്ക് കാണിക്കാനാണ് രാഹുൽ ശ്രമിച്ചതെന്നും ഇത്തരം പ്രവണതകൾ ഒരിക്കലും തിരുത്താനാകാത്തതാണെന്നും കിരൺ റിജിജു വ്യക്തമാക്കി.