സന്നിധാനം: ശബരിമലയിൽ ഭക്തജനത്തിരക്ക് വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളിൽ വെർച്വൽ ക്യൂ പരിമിതപ്പെടുത്തി. സ്പോട്ട് ബുക്കിംഗിനും കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
മണ്ഡല കാലത്ത് ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകൾ നടക്കുന്ന ദിവസങ്ങളിലാണ് ദർശനത്തിന് നിയന്ത്രണം. തങ്ക അങ്കി ചാർത്തി ദീപാരാധന നടക്കുന്ന ഡിസംബർ 25നും മണ്ഡലപൂജ നടക്കുന്ന ഡിസംബർ 26നുമാണ് വെർച്വൽ ക്യൂവും സ്പോട്ട് ബുക്കിംഗും പരിമിതപ്പെടുത്തിയത്.
ഡിസംബർ 25ന് വെർച്വൽ ക്യൂ വഴി 50,000 പേർക്ക് മാത്രമേ ദർശനം നടത്താൻ കഴിയൂ. 26ന് 60,000 പേരിലേക്കും വെർച്വൽ ക്യൂ ചുരുക്കിയിട്ടുണ്ട്. ഈ രണ്ട് ദിവസങ്ങളിലും 5,000 പേർക്ക് മാത്രമാണ് സ്‌പോട്ട് ബുക്കിംഗ് അനുവദിക്കുക.
മകരവിളക്കിനോട് അനുബന്ധിച്ച് ജനുവരി 12,13,14 തീയതികളിലും വെർച്വൽ ക്യൂ പരിമിതപ്പെടുത്തി. മകരജ്യോതി ദിവസമായ ജനുവരി 14ന് സ്‌പോട്ട് ബുക്കിംഗ് പൂർണമായും ഒഴിവാക്കും. കഴിഞ്ഞ ദിവസങ്ങളിൽ 96,000ലധികമാണ് ഭക്തരാണ് സന്നിധാനത്ത് എത്തിയത്. വരുംദിവസങ്ങളിൽ ഭക്തജന തിരക്ക് ഇനിയും വർദ്ധിക്കുമെന്നാണ് കണക്കുകൂട്ടൽ.