ആലപ്പുഴ: രാജ്യസഭാ എംപിയായിരിക്ക ലഭിച്ച ഒരു പൈസയും സ്വന്തം ജീവിതത്തിലേക്കോ കുടുംബത്തിലേക്കോ കൊണ്ടുപോയിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പെൻഷൻ തുകയായി ലഭിച്ചിരുന്ന 25000 രൂപയും വ്യക്തിപരമായ ആവശ്യങ്ങൾക്ക് എടുത്തിട്ടില്ല. കേന്ദ്രമന്ത്രിയായ ശേഷവും അതുപോലെ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ ബിജെപി ജില്ലാ ആസ്ഥാന മന്ദിരമായ ദീനദയാൽ ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സത്യപ്രതിജ്ഞ ചെയ്തതിന് പിറ്റേന്ന് ജൂൺ പത്താം തീയതി മുതലുളള ശമ്പളത്തിൽ നിന്നും നയാ പൈസ തൊട്ടിട്ടില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുമോയെന്ന് അദ്ദേഹം ചോദിച്ചു. ഞാൻ ഈ തൊഴിലിന് വന്ന ആളല്ല. വൈകാരികമായി രാജ്യസേവനത്തിന് ഇറങ്ങിയ നേതാക്കളുടെ പിൻമുറക്കാരൻ മാത്രമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
അതിന്റെ പേരിൽ വരുന്ന കളിയാക്കലുകൾ ശ്രദ്ധിക്കേണ്ട. കാരണം നമ്മുടെ ഉദ്ദേശ്യം സത്യമാണ്, സദുദ്ദേശ്യമാണ്. മുൻപ് അങ്ങനെ വന്നവരുടെ ഉദ്ദേശ്യങ്ങൾ സത്യസന്ധമായിരുന്നില്ല എന്നുളളത് തെളിയിക്കുന്ന പഴയകാല രേഖയും നമ്മുടെ മുൻപിൽ വെടിപ്പായി നീക്കിവെച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിനുളള രേഖയാണ് കഴിഞ്ഞ ദിവസങ്ങളിൽ രാജ്യസഭയിലും ലോക്സഭയിലും നടന്ന ചർച്ചകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു പുസ്തകമെഴുതിയാൽ തീരുന്ന പ്രശ്നമേയുളളൂ കേരളത്തിലെ ചില മഹാൻമാരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരിക്കലും രാഷ്ട്രീയം ഉണ്ടാകുമെന്ന് കരുതിയ ആളല്ല താൻ. പക്ഷെ 2014 ൽ നരേന്ദ്രമോദിയുടെ അഹമ്മദാബാദിലെ ഓഫീസ് സന്ദർശിച്ച ശേഷം ഉണ്ടായ ചില സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം മാറിയത്. തന്റെ അന്നം മുട്ടിക്കുന്ന തരത്തിലുളള രാഷ്ട്രീയസാഹചര്യങ്ങൾ വരെ ഉണ്ടായി. അതിനെ തുടർന്നാണ് രാഷ്ട്രീയത്തിന്റെ ഈ താരവഴിയിലേക്ക് ഇറങ്ങിയതെന്നും സുരേഷ് ഗോപി പറഞ്ഞു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, ബിജെപി ജില്ലാ അധ്യക്ഷൻ എംവി ഗോപകുമാർ, മുതിർന്ന നേതാക്കളായ ശോഭാ സുരേന്ദ്രൻ, എ.എൻ രാധാകൃഷ്ണൻ, സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി തുടങ്ങിയവരും പങ്കെടുത്തിരുന്നു.