മുംബൈ: മഹാരാഷ്‌ട്രയിൽ ബിജെപി നയിക്കുന്ന മഹായുതി സഖ്യസർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആഭ്യന്തരമന്ത്രിയായി തുടരും. ഊർജം, നിയമം, ജുഡീഷ്യറി, ജനറൽ അഡ്മിനിസ്ട്രേഷൻ, ഇൻഫർമേഷൻ & പബ്ലിസിറ്റി തുടങ്ങിയ വകുപ്പുകളും മുഖ്യമന്ത്രിയാണ് കൈകാര്യം ചെയ്യുക. എൻസിപി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന് ധനകാര്യവും എക്സൈസും പ്ലാനിംഗും ലഭിക്കും. മുൻ മുഖ്യമന്ത്രിയും നിലവിലെ ഉപമുഖ്യമന്ത്രിയുമായ ശിവസേന നേതാവ് ഏകനാഥ് ഷിൻഡെയ്‌ക്ക് നഗരകാര്യ വികസനം, ഹൗസിംഗ്, പബ്ലിക് വർക്സ് എന്നീ വകുപ്പുകളുടെ ചുമതല നൽകും. മന്ത്രിമാരുടെ വകുപ്പുകൾ വ്യക്തമാക്കുന്ന ഉത്തരവ് സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.
ഡിസംബർ അഞ്ചിനായിരുന്നു മഹായുതി സർക്കാർ തുടർച്ചയായി രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. ഷിൻഡെയും ഫഡ്നാവിസും അജിത് പവാറും കൂടാതെ 39 പേരാണ് മന്ത്രിസഭയിലുള്ളത്. 288ൽ 230 സീറ്റുകളും നേടി ഉജ്ജ്വല വിജയം സ്വന്തമാക്കിയ മഹായുതി സർക്കാർ പ്രതിപക്ഷമായ മഹാവികാസ് അഘാഡിയെ തെരഞ്ഞെടുപ്പിൽ നിലംപരിശാക്കിയിരുന്നു. ബിജെപി-ശിവസേന-എൻസിപി സഖ്യമായ മഹായുതിയോട് പോരാടിയത് ഉദ്ധവ് വിഭാഗം ശിവസേന, ശരദ് പവാർ വിഭാഗം എൻസിപി, കോൺഗ്രസ് എന്നിവരാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ മോശം പ്രകടനം കാഴ്ചവച്ചതിന് പിന്നാലെ അഘാഡി സഖ്യത്തിന്റെ ഭാഗമായിരുന്ന സമാജ്വാദി പാർട്ടി തെറ്റിപ്പിരിഞ്ഞ് പോവുകയും ചെയ്തിരുന്നു.