എറണാകുളം: സൂരജ് സന്തോഷിന്റെ സംഗീതനിശയിൽ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർക്ക് പരിക്ക്. എറണാകുളം ഇടപ്പള്ളിയിലെ ഒബ്‌റോൺ മാളിലെ സംഗീത നിശയ്‌ക്കിടെയാണ് സംഭവം. മാളിന്റെ റീ-ലോഞ്ചുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിക്കിടെ സൂരജിന്റെ ഗാനങ്ങൾ കേൾക്കാൻ ആളുകൾ മാളിൽ തടിച്ചുകൂടുകയായിരുന്നു.
പരിപാടിക്കുള്ള പ്രവേശനം സൗജന്യമായിരുന്നു. ഇതിനാൽ നിരവധി ജനങ്ങൾ മാളിലേക്കെത്തിയെന്നാണ് അധികൃതർ പറയുന്നത്. അതുകൊണ്ടു തന്നെ ആളുകളുടെ എണ്ണം പ്രതീക്ഷിച്ചതിലും അധികമായിരുന്നു. ഇതോടെ തിക്കും തിരക്കും ഉണ്ടാകുകയായിരുന്നു. ചില ആളുകൾക്ക് ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിപാടി നേരത്തെ അവസാനിപ്പിക്കുകയായിരുന്നു. ഒബ്‌റോൺ മാൾ നവീകരിച്ച ശേഷം അടുത്തിടെയാണ് റീ ലോഞ്ച് നടന്നത്. ഇതിന്റെ ഭാഗമായാണ് കലാപരിപാടികൾ സംഘടിപ്പിച്ചിരുന്നത്.